ഐ.എസ്.ആര്‍.ഒ ചാരക്കേസ്; നമ്പി നാരായണന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി നാളെ

ഐ.എസ്.ആര്‍.ഒ ചാരക്കേസ് അന്വേഷിച്ച സിബി മാത്യൂസ് ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ ഹരജിയില്‍ സുപ്രീംകോടതി വിധി നാളെ.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറയുക. കേസില്‍ നമ്പി നാരായണന് നഷ്ടപരിഹാര തുക ഉയര്‍ത്തി നല്‍കുമെന്ന് വാദം കേള്‍ക്കുന്നതിനിടെ കോടതി പറഞ്ഞിരുന്നു. നഷ്ടപരിഹാര തുക അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കുമെന്ന പരാമര്‍ശവും കോടതി നടത്തിയിരുന്നു.

കള്ളക്കേസില്‍ കുടുക്കിയതിനു സിബി മാത്യൂസ്, കെ.കെ ജോഷ്വാ, എസ്.വിജയന്‍ എന്നി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാണ് നമ്പി നാരായണന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

കേസില്‍ നമ്പി നാരായണനെ വെറുതെ വിട്ട കേരള ഹൈക്കോടതി 10 ലക്ഷം രൂപയാണ് നഷ്ടപരിഹാരം നല്‍കിയത്. ഇത് 25 ലക്ഷം വരെയാക്കാമെന്നാണ് വാദത്തിനിടെ കോടതി പറഞ്ഞത്.