ഇറ്റലിയെ കുലുക്കി കനത്ത ഭൂചലനം

മധ്യ ഇറ്റലിയെ കുലുക്കി മറിച്ച കനത്ത ഭൂചലനത്തില്‍ 21 പേര്‍ മരിച്ചതായും അനേകം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. ഒരു നഗരത്തെ പൂര്‍ണ്ണമായും വിഴുങ്ങിയ ഭൂചലനത്തില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഒട്ടേറെ പേര്‍ കുടുങ്ങിയിട്ടുണ്ടെന്നും ആറു പേര്‍ എന്നത് പ്രാഥമിക വിവരം മാത്രമാണെന്നും മരണസംഖ്യ കൂടുമെന്നുമാണ് വിവരം. ഭൂചലനത്തില്‍ സെന്‍ട്രല്‍ ഇറ്റാലിയന്‍ മേഖല ഏതാണ്ട് ഭാഗികമായി തകര്‍ന്നു.

ഇറ്റാലിയന്‍ സമയം പുലര്‍ച്ചെ 3.30 മണിയോടെ ഉണ്ടായ ഭൂചലനത്തിന്റെ തീവ്രത 6.2 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. അനേകം കെട്ടടങ്ങള്‍ തകര്‍ന്നുവീണു. ചെറു നഗരമായ അമാട്രീസില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായത്.നഗരത്തിന്റെ പകുതിയോളം തകര്‍ന്നു.

അനേകം കെട്ടിടങ്ങള്‍ പൊളിഞ്ഞു വീഴുകയും ഒട്ടേറെ പേര്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായുമാണ് വിവരം. റോഡുകളെല്ലാം പൂര്‍ണ്ണമായി തകര്‍ന്നതോടെ നഗരം ഒറ്റപ്പെടുകയും ചെയ്തതായി മേയര്‍ സെര്‍ജിയോ പിറോസി വ്യക്തമാക്കി. മണ്ണിടിഞ്ഞ് നഗരത്തിലേക്കുള്ള പാലവും തകര്‍ന്ന് പോയി.

ഭൂചലനത്തിന്റെ പ്രകമ്പനം തലസ്ഥാനമായ റോമില്‍ വരെ കേട്ടെന്നാണ് വിവരം. അക്കുമോലി, അമാട്രീസ്, പോസ്റ്റ, അര്‍ക്വാട്ട ഡെല്‍ ട്രോണ്ടോ എന്നീ നഗരങ്ങളെയാണ് ഭൂചലനം ഏറ്റവും ബാധിച്ചത്. നാലു നഗരങ്ങളിലേക്കും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിനുമായി ഹെലികോപ്റ്റര്‍ അയച്ചിട്ടുണ്ട്. മദ്ധ്യ ഇറ്റലിയെ ഉടനീളം ചുഴറ്റിയ ഭൂചലനത്തില്‍ കെട്ടിടങ്ങള്‍ ആടിയുലഞ്ഞതായി റോം നിവാസികള്‍ പേലും പറഞ്ഞു. 2009 ല്‍ ഇറ്റാലിയന്‍ നഗരമായ എല്‍ അക്വിലയില്‍ ഉണ്ടായ ഭൂചലനത്തില്‍ 300 പേര്‍ മരിച്ചിരുന്നു.