ദൈവമേ ഇനി ആവർത്തിക്കരുതേ ഈ പരീക്ഷണം.

എരുമേലി : ആറാമത്തെ ജന്മദിനത്തിൽ ആശുപത്രിയിൽ ആഘോഷ് കേക്ക് മുറിച്ച് സന്തോഷമണിഞ്ഞ കണ്ണുകളുമായി പഴയത് പോലെ പുഞ്ചിരി പൊഴിക്കുമ്പോൾ അർബുദം തോറ്റതിൻറ്റെ ബയോപ്സി റിപ്പോർട്ട് തൊട്ടരികിലുണ്ടായിരുന്നു. വാടകവീട്ടിൽ കടക്കെണിക്ക് നടുവിൽ വലയുന്നതിനിടെ പുന്നാര മകൻറ്റെ രോഗം ഭേദമാക്കാൻ അലഞ്ഞ അമ്മ അശ്വതിയുടെ കണ്ണീര് അപ്പോഴും തോർന്നിരുന്നില്ല. നീണ്ട ഒരു വർഷത്തെ ചികിത്സക്ക് ശേഷം തിരുവനന്തപുരം റീജണൽ കാൻസർ സെൻറ്ററിൽ നിന്നും എരുമേലി ചേനപ്പാടിയിലെ വീട്ടിലേക്ക് കഴിഞ്ഞ ദിവസം ആഘോഷിനൊപ്പം എത്തുമ്പോൾ അശ്വതി പ്രാർത്ഥിച്ചത് ഇത്ര മാത്രം- ദൈവമേ ഇനി ആവർത്തിക്കരുതേ ഈ പരീക്ഷണം.

എരുമേലി കണ്ണങ്കരപ്പറമ്പിൽ വിനോദിൻറ്റെയും അശ്വതിയുടെയും മകനായ അമ്പാടി എന്ന് വിളിക്കുന്ന ആഘോഷിന് ഇത് രണ്ടാം ജന്മമാണ്. റീജണൽ കാൻസർ സെൻറ്ററിൽ ഒരു വർഷത്തോളം ചികിത്സയിലായിരുന്ന ആഘോഷ് രോഗം പൂർണമായി ഭേദമായതിനൊടുവിൽ കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്. എരുമേലിയിലെ വാടക വീട് ഒഴിയേണ്ടി വന്നതിനാൽ മറ്റ് നിവൃത്തിയില്ലാതെ അമ്മയുടെ സഹോദരിയുടെ ചേനപ്പാടിയിലെ വീട്ടിലാണ് ഇപ്പോൾ താമസം.

എരുമേലി നിർമല പബ്ലിക് സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് രക്താർബുദം ബാധിക്കുന്നത്. ഒരു തുണ്ട് ഭൂമിയോ കിടപ്പാടമോ സ്വന്തമായില്ലാതെ വാടകവീട്ടിൽ കടങ്ങളോട് പൊരുതുന്ന മാതാപിതാക്കൾക്ക് അത് താങ്ങാനാകുമായിരുന്നില്ല. കളിചിരികളുമായി അയൽവാസികളുടെയും പ്രിയങ്കരനായിരുന്ന ആഘോഷ് പ്രസരിപ്പെല്ലാം ചോർന്ന് കീറിമുറിക്കുന്ന വേദനകളിൽ തളരുന്നത് കാണാനാവാതെ അമ്മ മുഖം പൊത്തിക്കരഞ്ഞു.

ഒരു നേരത്തെ മരുന്ന് വാങ്ങാൻ പണയം വെക്കാൻ പോലും ഒന്നുമില്ലാത്ത നിസ്സഹായാവസ്ഥയിൽ പകച്ചുനിന്നുപോയി ആ കുടുംബം. അയൽവാസി കിഴക്കേപ്പറമ്പിൽ റെഫീഖ് നാട്ടുകാരിലെ സുമനസുകളെ തേടിയെത്തി കുടുംബത്തിൻറ്റെ ദയനീയസ്ഥിതി വിവരിച്ചു. നോട്ടീസടിച്ച് യോഗം ചേർന്ന് വാർഡംഗം ജസ്ന നെജീബിൻറ്റെ നേതൃത്വത്തിൽ കമ്മറ്റി രൂപീകരിച്ചു. ആ കാരുണ്യവർഷത്തിലേക്ക് ആഘോഷിൻറ്റെ സഹപാഠികളായ കുരുന്നുകളും നിർമല സ്കൂളിലെ മുഴുവൻ കുട്ടികളും അധ്യാപകരും പങ്കുചേർന്നു. അങ്ങനെ തിരുവനന്തപുരത്ത് റീജണൽ കാൻസർ സെൻറ്ററിൽ ചികിത്സ തുടങ്ങി.

രോഗത്തിൻറ്റെ കഠിന വേദനകളോട് പൊരുതാൻ അവിടെയും ആഘോഷിന് കൈത്താങ്ങായി സുമനസുകളെത്തി. എരുമേലി സ്വദേശിയും തിരുവനന്തപുരത്ത് താമസിക്കുന്നതുമായ ലോകബാങ്ക് കൺസൽട്ടൻറ്റ് ഷെബീർ മുഹമ്മദും ഭാര്യയും സുഹൃത്തുക്കളുമായിരുന്നു ആ നല്ല മനസുകൾ. ആശുപത്രിക്കടുത്ത് താമസിക്കാൻ വീടും ചികിത്സക്ക് തികയാതെ വന്ന പണവും അവർ സ്വരുക്കൂട്ടി നൽകി.

കീമോതെറാപ്പികളിലൂടെ രോഗത്തെ അതിജീവിച്ച് പഴയതിനേക്കാൾ ഊർജത്തോടെ ഇപ്പോൾ വീട്ടുമുറ്റത്തുകൂടി ഓടിക്കളിക്കുകയാണ് ആഘോഷ്. ജീവിതത്തിലെ നിറം കെട്ടു പോയ ആഘോഷങ്ങളിൽ വർണങ്ങൾ ചാർത്തി ഇനി അവനെത്തുകയാണ്. പഠിക്കാനെത്തുമ്പോൾ പൂക്കൾ നൽകി എതിരേൽക്കാൻ കാത്തിരിക്കുന്നു സഹപാഠികൾ. ഒന്നുമില്ലായ്മയിൽ സ്നേഹവും കാരുണ്യവും നിറയുമ്പോഴാണ് വിധിയെ സാന്ത്വനത്തിൻറ്റെ സമ്പന്നത കൊണ്ട് തോൽപ്പിക്കാനാവുകയെന്ന് കാട്ടിത്തരുന്നു ആഘോഷിൻറ്റെ അതിജീവനം.

കടപ്പാട് : Fb Post of Abdul Muthalib