ഇടതു പാര്‍ട്ടികളെ ദൂരത്തെറിയാന്‍ സമയമായി: നരേന്ദ്രമോദി

ത്രിപുര: ഇടതുപാര്‍ട്ടികളെ സംസ്ഥാനത്തു നിന്ന് ദൂരെയെറിയാന്‍ സമയമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൊഴിലില്ലായ്മയെത്തുടര്‍ന്ന് യുവാക്കള്‍ ജീവനൊടുക്കുന്നു. യുവാക്കള്‍ക്ക് ജോലി കിട്ടുന്നില്ല. 25 വര്‍ഷത്തെ ദുര്‍ഭരണത്തില്‍ ഈ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഒന്നും കിട്ടിയില്ല. ജനങ്ങള്‍ കൂടുതല്‍ ദരിദ്രരായി, പിന്നാക്കാവസ്ഥ കൂടുതല്‍ വ്യാപകമായി. ബിജെപി ചിഹ്നമായ താമരയ്ക്ക് ഫെബ്രുവരി 18ന് വോട്ടുകുത്തിയാല്‍ അത് ഇടതു സര്‍ക്കാരിനെ ശിക്ഷിക്കുന്നതിനു തുല്യമായിരിക്കും,” മോദി പറഞ്ഞു.

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ മാറ്റി ബിജെപിയെ ഭരണമേല്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ മണ്ഡലമായ സോനാമുരയില്‍ തെരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുകയായിരുന്നു. ” ചോലോ പാല്‍ടി”- മാറ്റത്തിനൊരുങ്ങുക, മോദി പറഞ്ഞു. പതിനായിരങ്ങള്‍ തിങ്ങി നിറഞ്ഞ റാലിയില്‍ കനത്ത സുരക്ഷയായിരുന്നു. വമ്പിച്ച ജനക്കൂട്ടം ഇടതു സര്‍ക്കാരിനെയും സിപിഎമ്മിനേയും അമ്പരപ്പിച്ചിരിക്കുകയാണ്. ” ഈ ‘സര്‍ക്കാരി’ന്റെ വെള്ളക്കുര്‍ത്തയ്ക്കു പിന്നില്‍ കറുത്ത വശമുണ്ട്. മറ്റു നാട്ടിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാന്യമായ വേതനം കിട്ടുമ്പോള്‍ ഇവിടത്തുകാര്‍ക്ക് അര്‍ഹമായ കുറഞ്ഞ ശമ്പളം കിട്ടുന്നില്ല. 25 വര്‍ഷമായി ഇടത് പാര്‍ട്ടികള്‍ ജനതയെ മയക്കിക്കിടത്തിയിരിക്കുകയായിരുന്നു. പിന്നാക്കാവസ്ഥ എന്താണെന്നു പോലും ജനങ്ങള്‍ക്കറിയില്ല. ഇപ്പോള്‍ സംസ്ഥാനത്തിന്റെ ഭാവി മാറ്റിമറിക്കാനും ജനങ്ങളുടെ ഭാവി ഭദ്രമാക്കാനുമുള്ള അവസരമാണ്.”

– ത്രിപുരയ്ക്ക് മികവിന്റെ പുതിയ ഉയരങ്ങള്‍ കീഴടക്കണം. ഇവിടത്തുകാര്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ആഗ്രഹിക്കുന്നു.

– ത്രിപുരയ്ക്ക് വികസനം വേണം. ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പോരാടുന്നത് വികസനത്തിനുള്ള അവകാശത്തിനാണ്.

– ത്രിപുരയിലെ ചില നേതാക്കളുടെ ‘വെള്ളക്കുര്‍ത്ത’യ്ക്കും ‘ബാങ്ക് അക്കൗണ്ടുകള്‍ക്കും’ പിന്നില്‍ ഒളിപ്പിച്ചിരിക്കുന്ന അഴിമതിയും കുംഭകോണങ്ങളും പൊതുജനങ്ങള്‍ക്കു മുന്നില്‍ വരണം.

– ഏഴാം ശമ്പളക്കമ്മീഷന്റെ ആനകൂല്യങ്ങള്‍ ത്രിപുരയിലെ ജനങ്ങള്‍ക്കും കിട്ടണം.

– എന്തുകൊണ്ട് ഇവിടത്തെ ജനങ്ങള്‍ക്ക് അര്‍ഹമായ കുറഞ്ഞനിരക്ക് വേതനം പോലും കിട്ടുന്നില്ല.

– കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ 25 വര്‍ഷം ഭരിച്ച് സംസ്ഥാനം മുടിച്ചു.

– ‘റോസ്‌വാലി’ കുംഭകോണം ദരിദ്രമായ ത്രിപുരയെ തരിപ്പണമാക്കി. ഈ പാവങ്ങളെ കൊള്ളയടിച്ചവരെ കണ്ടെത്തി ശിക്ഷിക്കണം.

– പുരോഗതിക്കും സമാധാനത്തിനും ചിലര്‍ ചിലതരം കല്ലുകള്‍ ആഭരണമായി ധരിക്കാറുണ്ട്. ത്രിപുരയിലെ ജനങ്ങള്‍ വെറും കല്ല് (മണിക്) അല്ല അര്‍ഹിക്കുന്നത്. വജ്രം (ഹിര) തന്നെ വേണം.

– ത്രിപുരയ്ക്ക് ബിജെപി മൂന്ന് ടി കളിലാണ് ശ്രദ്ധ വെക്കുന്നത്. ഒന്ന്: ടൂറിസം, രണ്ട്: ട്രേഡ്, മൂന്ന്: ട്രെയിനിങ് യുവാക്കള്‍ക്ക്. മോദി പറഞ്ഞു.