ജെ.സി. ഡാനീയൽ പുരസ്കാരം ഐ. വി. ശശിക്ക്

10559709_686178901469169_6477116501624519055_n

സംസ്ഥാന സര്‍ക്കാരിന്റെ 2014 ലെ ജെ.സി. ഡാനീയൽ പുരസ്കാരം ഐ. വി. ശശിക്ക്. മലയാള സിനിമയ്ക്കു നൽകിയ സമഗ്രസംഭാവനകൾക്കാണ് പുരസ്കാരം.

1975ല്‍ ഉമ്മര്‍ നായകനായ ഉത്സവമാണ് ആദ്യ ചിത്രം. തുടര്‍ന്ന് അഭിനന്ദനം, അനുഭവം, ഇതാ ഇവിടെ വരെ, വാടകയ്‌ക്കൊരു ഹൃദയം, അവളുടെ രാവുകള്‍, മനസാ വാചാ കര്‍മണ, ഏഴാം കടലിനക്കരെ, ഈ നാട്, തുഷാരം, അഹിം, ഇന്നല്ലെങ്കില്‍ നാളെ, കാണാമറയത്ത്, അതിരാത്രം, ആള്‍ക്കൂട്ടത്തില്‍ തനിയെ, അടിയൊഴുക്കുകള്‍, കരിമ്പിന്‍പൂവിനക്കരെ, ആവനാഴി, ഇടനിലങ്ങള്‍, അടിമകള്‍ ഉടമകള്‍, 1921, അബ്കാരി, അക്ഷരത്തെറ്റ്, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, ദേവാസുരം തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 2009ല്‍ പുറത്തിറങ്ങിയ വെള്ളത്തൂവലാണ് അവസാനം പുറത്തിറങ്ങിയ ചിത്രം. ഒരു മോഹന്‍ലാല്‍ ചിത്രത്തിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍.

കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയായ ഐ.വി.ശശി മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്ന് ചിത്രകലയില്‍ ഡിപ്ലോമ നേടിയശേഷമാണ് സിനിമയിലെത്തിയത്. 1968ല്‍ എ.ബി.രാജിന്റെ കളിയല്ല കല്ല്യാണത്തില്‍ കലാസംവിധായകനായിട്ടായിരുന്നു തുടക്കം. പിന്നീട് ഛായാഗ്രാഹ സഹായിയായി. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും ഏഴ് വീതവും തെലുങ്കില്‍ രണ്ടും സിനിമകള്‍ ചെയ്തു. ചലച്ചിത്രതാരം സീമയാണ് ഭാര്യ.

1982ല്‍ ആരൂഡത്തിന് ദേശീയോദ്ഗ്രഥനത്തിുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡും ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാര്‍ഡും കരസ്ഥമാക്കി. ആറു തവണ ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു. ഈ വര്‍ഷത്തെ ഫിലിം ഫെയറിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരവും ഐ.വി.ശശിക്കായിരുന്നു.