ജേക്കബ് തോമസിന്റെ കത്ത് : മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു; ധനകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ട് പുനഃപരിശോധിക്കുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലെന്ന് സൂചന

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് നല്‍കിയ കത്തില്‍ തീരുമാനമെടുക്കാനായി ഇന്ന് ഉന്നതതലയോഗം ചേരും. മുഖ്യമന്ത്രി പിണറായി വിജയനാണ് യോഗം വിളിച്ചത്. ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ്, ആഭ്യന്തര സെക്രട്ടറി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

ജേക്കബ് തോമസിനെതിരായ ധനകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ട് പുനഃപരിശോധിക്കുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ധനമന്ത്രിയായിരുന്ന കെഎം മാണിക്കെതിരെ ബാര്‍കോഴ അടക്കമുള്ള വിവാദങ്ങള്‍ കത്തിനിന്ന സാഹചര്യത്തിലാണ് തുറമുഖ വകുപ്പ് ഡയറക്ടറായിരുന്ന കാലത്തെ അഴിമതി സംബന്ധിച്ച് ജേക്കബ് തോമസിനെതിരെ ധനകാര്യവകുപ്പിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നത്. ഈ നടപടിയില്‍ എന്തെങ്കിലും ദുരുദ്ദേശമുണ്ടോ എന്ന് പരിശോധിക്കാനാണ് സര്‍ക്കാരിന്റെ ആലോചന.

ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിലനിര്‍ത്തണമെന്നാണ് മുഖ്യമന്ത്രിയുടെയും സിപിഐഎമ്മിന്റെയും നിലപാട്. ഈ നിലപാട് മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കും.