‘പഴയ കേസില്‍ കാലതാമസം സ്വാഭാവികം, പൊലീസില്‍ സമ്മര്‍ദ്ദമരുത്’; ജലന്ധര്‍ ബിഷപ്പിനെതിരായ കേസില്‍ തൃപ്തിയറിയിച്ച് ഹൈക്കോടതി

കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ് ഫ്രങ്കോ മുളയ്ക്കലിനെതിരായ കേസ് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് ഹൈക്കോടതി. അസാധാരണമായ സാഹചര്യമില്ല. പൊലീസിനുമേല്‍ സമ്മര്‍ദ്ദമുണ്ടായാല്‍ ശരിയായ അന്വേഷണത്തിന് തടസ്സമുണ്ടാകുമെന്നും കോടതി വിലയിരുത്തി. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് സമര്‍പ്പിച്ച സത്യവാങ്മൂലം പരിശോധിച്ച ശേഷമാണ് ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തിയത്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നിരീക്ഷണം.

പഴയ കേസായതിനാല്‍ കാലതാമസം ഉണ്ടാകുക സ്വാഭാവികമാണ്. തെളിവുകള്‍ ശേഖരിക്കാന്‍ സമയമെടുക്കുകയെന്നതും സ്വാഭാവികമാണ്. അറസ്റ്റ് ആവശ്യപ്പെടുന്നവര്‍ അല്‍പംകൂടി ക്ഷമ കാണിക്കണം. കേസില്‍ സ്വതന്ത്രമായ അന്വേഷണം നടക്കണം. പ്രതിയുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. പൊലീസ് ശേഖരിച്ച തെളിവുകള്‍ പ്രതിയുടെ കയ്യെത്താത്ത ദൂരത്താണ്. പരാതിക്കാരിക്കോ സാക്ഷികള്‍ക്കോ ഭീഷണി ഉണ്ടായാല്‍ കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

കേസില്‍ സിബിഐ അന്വേഷണം ഈ ഘട്ടത്തില്‍ ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണം നല്ല രീതിയില്‍ പുരോഗമിക്കുകയാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി അറസ്റ്റ് വേണമോ എന്ന് തീരുമാനിക്കേണ്ടത് അന്വേഷണ സംഘമാണെന്നും വ്യക്തമാക്കി. കേസ് ഈമാസം 24ന് വീണ്ടും പരിഗണിക്കും.

ഇന്ന് രാവിലെയാണ് കേസ് അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച സത്യവാങ്മൂലം അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. മൊഴികളിലെ വൈരുദ്ധ്യംമൂലമാണ് അറസ്റ്റ് വൈകുന്നതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും 27 പേജുകളുള്ള സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.