വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലേയ്ക്ക് തിരിച്ചു!

ന്യൂഡല്‍ഹി: രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലേയ്ക്ക് തിരിച്ചു. 28,29 ദിവസങ്ങളിലായാണ് സമ്മേളനം നടക്കുന്നത്.

ഇന്ത്യയും ജപ്പാനും വിജയ കൂട്ടുകെട്ടാണെന്നാണ് നരേന്ദ്രമോദി വിശേഷിപ്പിച്ചത്. സാമ്പത്തിക-സാങ്കേതിക രംഗത്തെ ആധുനികവല്‍ക്കരണത്തിന് ഇന്ത്യയുടെ ഏറ്റവും വിശ്വാസ്യതയുള്ള പങ്കാളിയാണ് ജപ്പാനെന്നും പ്രധാനമന്ത്രി പ്രസ്ഥാവനയില്‍ അറിയിച്ചു.

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയുമായുള്ള 12-ാംമത്തെ കൂടിക്കാഴ്ചയ്ക്കാണ് നരേന്ദ്രമോദി ഇപ്പോള്‍ പോയിരിക്കുന്നത്. 2014ല്‍ പ്രധാനമന്ത്രി ആയപ്പോഴാണ് മോദി ആദ്യമായി അദ്ദേഹത്തെ കാണുന്നത്. ഇന്ത്യയില്‍ നിക്ഷേപം നടത്തുന്ന വിദേശ ശക്തികളില്‍ പ്രധാനിയാണ് ജപ്പാന്‍.

മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍ പാത, സാമ്പത്തിക വികസനം തുടങ്ങിയ കാര്യങ്ങളാകും പ്രധാനമായും ചര്‍ച്ച ചെയ്യപ്പെടുക. മെയ്ക്ക് ഇന്ത്യ, സ്‌ക്കില്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ തുടങ്ങിയ പദ്ധതികളിലെല്ലാം തന്നെ ജപ്പാന്‍ വലിയ സഹകരണമാണ് നടത്തുന്നത്. ഇന്ത്യന്‍ സാമ്പത്തിക ഭാവിയില്‍ ജപ്പാന്‍ നിക്ഷേപകര്‍ക്ക് വലിയ പ്രതീക്ഷയുണ്ടെന്നും നരേന്ദ്രമോദി ചൂണ്ടിക്കാട്ടി.

വാണിജ്യം, സഹകരണം, ആരോഗ്യം, ഡിജിറ്റല്‍ സാങ്കേതിക വിദ്യ, കൃഷി, ഭക്ഷണം തുടങ്ങിയ മേഖലകളില്‍ സഹകരണവും പരസ്പര നിക്ഷേപവും ശക്തിപ്പെടുത്തുകയാണ് കൂടിക്കാഴ്ചയുടെ പ്രധാന അജണ്ട.

Show More

Related Articles

Close
Close