അതിര്‍ത്തിയിലെ ജവാന്റെ പരാതിയില്‍ എന്ത് നടപടിയെടുത്തു?’; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് ഡല്‍ഹി ഹൈക്കോടതി

നല്ല ഭക്ഷണം ലഭിക്കുന്നില്ലന്ന ബിഎസ്എഫ് ജവാന്റെ പരാതിയില്‍ എന്ത് നടപടിയെടുത്തുവെന്ന് ഡല്‍ഹി ഹൈക്കോടതി ആഭ്യന്തര മന്ത്രാലയത്തിനോട് റിപ്പോര്‍ട്ട് ആവശ്യപെട്ടു. ബിഎസ്എഫ്, സിആര്‍പിഎഫ്, സിഐഎസ്എഫ്, ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്, സഹസ്ത്ര സീമ ബാല്‍, അസം റൈഫിള്‍സ് എന്നീ സേനാ വിഭാഗങ്ങളോടും ജവാന്‍മാര്‍ക്ക് നല്‍കുന്ന സൗകര്യങ്ങെളെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ആവശ്യപെട്ടിട്ടുണ്ട്. ജവാന്‍മാര്‍ക്ക് മതിയായ സൗകര്യങ്ങള്‍ നല്‍കുന്നില്ലന്ന് ചൂണ്ടികാട്ടി മുന്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പുരന്‍ ചന്ദ് ആര്യ നല്‍കിയ ഹര്‍ജിയിന്‍മേലാണ് കോടതി നടപടി. ഫെയ്‌സ്ബുക്കിലൂടെയുളള ജവാന്‍ തേജ് ബഹദൂര്‍യാദവിന്റെ പരാതിയിന്‍മേല്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ബിഎസ്എഫിനോടും കോടതി നിര്‍ദേശിച്ചു. ഫെബ്രുവരി 27 നകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം