ജെഡിയു കേരള ഘടകത്തില്‍ ഭിന്നത; എം.പി വീരേന്ദ്ര കുമാര്‍ പിണറായിയെ കണ്ടു; ഇടതു മുന്നണിയിലേക്കെന്ന് സൂചന

ഇടതു മുന്നണി പ്രവേശനം ലക്ഷ്യമിട്ടാണ്  എം.പി വീരേന്ദ്ര കുമാറിന്റെ നീക്കമെന്ന അഭ്യൂഹങ്ങള്‍ക്ക് സാധുത നല്‍കിക്കൊണ്ട് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹം  കൂടിക്കാഴ്ച നടത്തി .ജെഡിയു കേരള ഘടകത്തില്‍ കനത്ത ഭിന്നത നിലനില്‍ക്കുന്നുണ്ട്. ദേശീയ തലത്തില്‍ നിതീഷ് കുമാറിനെതിരെ വിമത ശബ്ദമുയര്‍ത്തിയ മുതിര്‍ന്ന നേതാവ് ശരദ് യാദവിനൊപ്പമെന്ന നിലപാടില്‍ ആണ്  പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ .എന്നാല്‍ ശരദ് യാദവിനൊപ്പമില്ലെന്നാണ് എംപി വീരേന്ദ്ര കുമാറിന്റെ നിലപാട്. ദേശീയ തലത്തില്‍ ജെഡിയു പിളര്‍പ്പിലേക്ക് നീങ്ങുമ്പോള്‍ ശരദ് യാദവിനൊപ്പം നിന്ന് കേരളത്തില്‍ പാര്‍ട്ടി പ്രത്യേക ഘടകമായി നില്‍ക്കാനാണ് വര്‍ഗീസ് ജോര്‍ജും കെപി മോഹനനും ഷെയ്ഖ് പി ഹാരീസും നിലപാടെടുത്തത്.

മാതൃസംഘടനയായ ജെഡിഎസുമായി ലയനത്തിനൊരുങ്ങുന്നുവെന്ന വാര്‍ത്തയ്ക്കിടയില്‍ ഭാവി തീരുമാനിക്കാന്‍ ചേര്‍ന്ന ജെഡിയു ഉപസമിതിയിലാണ് കടുത്ത ഭിന്നത ഉടലെടുത്തത്.