“ജിലേബിക്കഥ” കുടുംബമായി കണ്ടിരിക്കാം…ആസ്വദിക്കാം….

11540947_1638282773051994_9139159468322477731_nആദ്യ പ്രദര്‍ശനം കഴിയുമ്പോള്‍ മികച്ച പ്രതികരണങ്ങള്‍ നേടി ജയസൂര്യ ചിത്രം ജിലേബി. നവാഗതനായ അരുണ്‍ ശേഖര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമായ ജിലേബിക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇതൊരു കൊച്ചു ചിത്രമാണ്. ജയസൂര്യയുടെ മികച്ച ഭാവങ്ങള്‍ക്കും സംഭാഷണ ശകലങ്ങള്‍ക്കും പ്രേക്ഷകര്‍ വീണ്ടും സാക്ഷിയാകുകയാണ് ജിലേബിയില്‍.രമ്യ നമ്പീശന്‍, വിജയരാഘവന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ശശി കലിംഗ, കെ. പി. എ. സി. ലളിത, ശാരി, മഞ്ജു, മാസ്റ്റര്‍ ഗൗരവ് മേനോന്‍, മാസ്റ്റര്‍ മിനോന്‍, ബേബി സയൂരി, അരുണ്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. ഒരു സാധാരണ നാട്ടിന്‍പുറത്തുകാരനായ ശ്രീക്കുട്ടന്‍ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌. ശ്രീക്കുട്ടനും അയാളുടെ സഹോദരന്മാരുടെ മക്കളും തമ്മിലുള്ള സ്നേഹബന്ധത്തിന്‍റെ കഥ പറയുന്ന ഒരു കൊച്ചു ചിത്രമാണ് ജിലേബി. ദുബായില്‍ നിന്നും ശ്രീക്കുട്ടന്‍റെ സഹോദരകുടുംബം ചില പ്രത്യേക സാഹചര്യത്തില്‍ നാട്ടിലേക്ക് തിരിച്ചെത്തുന്നതോടെ “ജിലേബിക്കഥ” തുടരുകയാണ്. എന്നാല്‍ ശ്രീക്കുട്ടന്‍റെ സഹോദരന്മാരുടെ കുട്ടികള്‍ക്ക് കേരളത്തിലെക്ക് വരാന്‍ താല്‍പ്പര്യമില്ലായിരുന്നു. കൂടാതെ ശ്രീക്കുട്ടനെയും അവര്‍ക്ക് ഇഷ്ടമാവുന്നില്ല. അവര്‍ തമ്മിലുള്ള വാശിയും കൊച്ചു കൊച്ചു തമാശകളും പിണക്കങ്ങളും ചേര്‍ന്നപ്പോള്‍ ഈ ജിലേബിക്ക് മധുരമൂറുന്നു.ഇമോഷണല്‍ രംഗങ്ങളോ സെന്റിമെന്റ്സ് കലര്‍ന്ന സംഭാഷങ്ങളോ ഇല്ലാഞ്ഞിട്ടും സിനിമയിലെ ചില സാഹചര്യങ്ങള്‍ പ്രേക്ഷകര്‍ക്ക്‌ എപ്പോഴെങ്കിലും എവിടെയെങ്കിലും വെച്ച് അനുഭവമുള്ള തോന്നല്‍ സൃഷ്ടിക്കാന്‍ സാധിക്കുന്നതും സംവിധായകന്‍റെ മികവാണ്.ജയസൂര്യ തന്‍റെ ഫേസ്ബുക്ക് പേജ് വഴി കുറിച്ച വാക്കുകളെ അന്വര്‍ഥമാക്കുംവിധമാണ് ചിത്രത്തിന്‍റെ ഒഴുക്ക്.ഒരുപാടു പ്രതീക്ഷകള്‍ പുലര്‍ത്തുന്ന ഒരു നല്ല ചിത്രം.കണ്ടിരിക്കാം…ആസ്വദിക്കാം….കുടുംബമായി…