ജിഷ്ണുവിന്റെ ബന്ധുക്കളെ അറസ്റ്റ് ചെയ്ത് നീക്കി; അമ്മയെ വലിച്ചിഴച്ചു; പൊലീസ് ആസ്ഥാനത്ത് നാടകീയ രംഗങ്ങള്‍

ജിഷ്ണു പ്രണോയ് മരിച്ച കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് വൈകുന്നതില്‍ പ്രതിഷേധിച്ച് ഡിജിപി ഓഫിസിനു മുന്നില്‍ സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്റെ കുടുംബത്തെ പൊലീസ് തടഞ്ഞു. പിന്നീട് അറസ്റ്റ് ചെയ്തു നീക്കി. ഡിജിപി ഓഫിസിനു 100 മീറ്റര്‍ അടുത്താണ് തടഞ്ഞത്. ജിഷ്ണുവിന്റെ അമ്മ മഹിജ നടുറോഡില്‍ കിടന്നു പ്രതിഷേധിച്ചു. അമ്മയെയും ബന്ധുക്കളെയും പൊലീസ് ബലം പ്രയോഗിച്ചാണ് അറസ്റ്റ് ചെയ്തു നീക്കിയത്. മഹിജയെ പൊലീസ് വലിച്ചിഴച്ചാണു കൊണ്ടുപോയത്. അവര്‍ തളര്‍ന്നുവീഴുകയും ചെയ്തു. ഡിജിപിയുടെ ഓഫിസിനു മുന്നില്‍ നാടകീയ രംഗങ്ങളാണ് രാവിലെ അരങ്ങേറിയത്.

ഇതിനിടെ, ജിഷ്ണുവിന്റെ കുടുംബത്തെ ഡിജിപി ചര്‍ച്ചയ്ക്കു ക്ഷണിച്ചു. കുടുംബാംഗങ്ങളായ ആറുപേര്‍ക്കു ചര്‍ച്ചയില്‍ പങ്കെടുക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ എല്ലാവര്‍ക്കും കാണണമെന്നു ബന്ധുക്കള്‍ ആവശ്യപ്പെട്ടു. 16 പേരടങ്ങുന്ന സംഘമാണു സമരം നടത്താനെത്തിയത്. ഇന്നു രാവിലെ ജിഷ്ണുവിന്റെ അമ്മ മഹിജയെ നേരിട്ടുകണ്ട് രാവിലെ മ്യൂസിയം സിഐ, ഇവിടെ സമരം ചെയ്യരുതെന്ന് ആവശ്യപ്പെട്ടിരുന്നു. നിരാഹാരമിരുന്നാല്‍ അറസ്റ്റ് ചെയ്യേണ്ടിവരുമെന്നും മുന്നറിയിപ്പു നല്‍കിയിരുന്നു.

അതേസമയം, കേസില്‍ ഒന്നാം പ്രതിയായ നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെ ഇന്നലെ ചോദ്യം ചെയ്തശേഷം വിട്ടയച്ച പൊലീസ് നടപടി നാടകമാണെന്നു ജിഷ്ണുവിന്റെ അമ്മ മഹിജ രാവിലെ ആരോപിച്ചു. പ്രതികളെ പിടികൂടുംവരെ സമരം തുടരും. ജിഷ്ണു മരിച്ച് മൂന്നു മാസമാകുമ്പോഴും പ്രതികളെ പിടികൂടാത്തതിലാണു പ്രതിഷേധം. കേസ് അട്ടിമറിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തിലും നടപടി ഉണ്ടായില്ല. ഇതോടെയാണു പലതവണ പ്രഖ്യാപിച്ച ശേഷം മാറ്റിവച്ച സമരം ആരംഭിക്കാന്‍ കുടുംബം തീരുമാനിച്ചത്.