സര്‍ക്കാരിന് തിരിച്ചടി ; നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഒന്നാം പ്രതിയായ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി അംഗീകരിച്ചു. കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യത്തെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തെങ്കിലും കോടതി അനുവദിച്ചില്ല. ഇയാള്‍ക്കെതിരായ എല്ലാ ആരോപണങ്ങളും തള്ളിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അതേസമയം കൃഷ്ണദാസ് കോളേജില്‍ കയറരുതെന്ന് കോടതി ഉപാധിവെച്ചു.

പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യണമെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി. ഉദയഭാനു കോടതിയില്‍ വാദിച്ചു. എന്നാല്‍ ജിഷ്ണുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൃഷ്ണദാസിനെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്താന്‍ മതിയായ തെളുവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.

ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ഒരാളുടെ മേല്‍ കുറ്റം ചുമത്താനാവില്ലെന്നും കോടതി പറഞ്ഞു. കോളേജില്‍ ഇടിമുറിയുണ്ടെന്ന ആരോപണത്തില്‍ വ്യക്തതവേണം. മരിച്ച ജിഷ്ണു പ്രണോയിയുടെ മൃതദേഹത്തില്‍ മുറിവേറ്റതിന്റെയും പരിക്കേറ്റതിന്റെയും പാടുകളുണ്ടെന്ന് ഒരു വിദ്യാര്‍ഥി മൊഴി നല്‍കിയിരുന്നെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അതിനെപ്പറ്റി സൂചനയില്ലെന്നും കോടതി പറഞ്ഞു. ജിഷ്ണുവിന്റെ കയ്യില്‍നിന്ന് കോളജ് അധികൃതര്‍ വെള്ളക്കടലാസില്‍ ഒപ്പിട്ടു വാങ്ങിയെന്നതിനും തെളിവില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.