മുഖ്യമന്ത്രിയുടെ ചിത്രം പുറത്തുവിടൂ; തമിഴ്‌നാട് സര്‍ക്കാരിനോട് കരുണാനിധി

ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് പുറത്തുവരുന്ന കിംവദന്തികള്‍ അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ ചിത്രം പുറത്തുവിടണമെന്ന് ഡിഎംകെ തലവന്‍ എം കരുണാനിധി.

മുഖ്യമന്ത്രിയുടെ ആരോഗ്യനിലയെ കുറിച്ച് ജനങ്ങളെ അറിയിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്നും കരുണാനിധി പറഞ്ഞു.

ആശുപത്രിയില്‍ മുഖ്യമന്ത്രിയെ കാണാനെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ പോലുള്ള നിരവധി നേതാക്കള്‍ ആശുപത്രിയില്‍ എത്തിയെങ്കിലും ജയലളിതയുമായി കൂടിക്കാഴ്ച്ച നടത്തിയതായി വിവരമില്ല.

മുഖ്യമന്ത്രിയുടെ ആരോഗ്യനില സംബന്ധിച്ച് നിഗൂഢത നിലനിര്‍ത്തുന്ന അധികൃതരേയും കരുണാനിധി രൂക്ഷമായി വിമര്‍ശിച്ചു.

ജയലളിത ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നാണ് വ്യാഴാഴ്ച്ച ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അപ്പോളൊ അധികൃതര്‍ അറിയിച്ചത്. ആവശ്യമായ ടെസ്റ്റുകള്‍ നടത്തികൊണ്ടിരിക്കുകയാണ്. പൂര്‍ണ്ണ രോഗശമനത്തിനായി കുറച്ചു ദിവസം കൂടി ആശുപത്രിയില്‍ തുടരേണ്ടതുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.