രാജ്യത്തിന്റെ ദുഃഖാചരണം; രാഷ്ട്രപതിയും പ്രധാനമന്ത്രിയും ചെന്നൈയിലേക്ക്

തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജെ.ജയലളിതയ്ക്ക് രാജ്യം ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ്.  കേന്ദ്ര സര്‍ക്കാര്‍ ഒരു ദിവസത്തെ ദേശീയ ദുഖാചരണം പ്രഖ്യാപിച്ചു. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും മറ്റ് സ്ഥാപനങ്ങളിലും ദേശീയപതാക പകുതി താഴ്ത്തിക്കെട്ടാനുള്ള നിര്‍ദേശം നല്‍കി. പാര്‍ലമെന്റിന്റെ ഇരു സഭകളും ഇന്ന് അനുശോചനം രേഖപ്പെടുത്തിയ ശേഷം പിരിഞ്ഞു.

ദേശീയ ബഹുമതികളോടെ സംസ്കാരം നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. 1984 മുതല്‍ 1989 വരെ രാജ്യസഭാ അംഗമായിരുന്നു.

ജയലളിതയ്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയിലേക്ക് തിരിച്ചു. സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി രണ്ട് കേന്ദ്ര മന്ത്രിമാരെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചു.

വാര്‍ത്താവിതരണ മന്ത്രി വെങ്കയ്യ നായിഡു, പൊന്‍ രാധാകൃഷ്ണന്‍ എന്നിവരെയാണ് ചുമതലപ്പെടുത്തിയത്. വെങ്കയ്യ നായിഡു തിങ്കളാഴ്ച തന്നെ ചെന്നൈയില്‍ എത്തിയിരുന്നു.

അണ്ണാ ഡി.എം.കെ എന്തൊക്കെ ആഗ്രഹിക്കുന്നുവോ അതെല്ലാം ചെയ്തു കൊടുക്കാനായാണ് വെങ്കയ്യ നായിഡുവിനെ കേന്ദ്ര സര്‍ക്കാര്‍ ചെന്നൈയിലേക്ക് അയച്ചത്.

പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ അടക്കമുള്ള ചടങ്ങുകള്‍ സുഗമമായി നടക്കണമെന്ന ആഗ്രഹം കേന്ദ്രത്തിനുണ്ടായിരുന്നു. നേരം പുലരുന്നതിന് മുമ്പ് തന്നെ സത്യപ്രതിജ്ഞ നടക്കണമെന്നും തീരുമാനിച്ചിരുന്നു. ഇതിന് വേണ്ട എല്ലാ ഒരുക്കങ്ങള്‍ ഗവര്‍ണറും നടത്തിയിരുന്നു.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ചെന്നൈയിലേയ്ക്ക് പോയിട്ടുണ്ട്. ഉത്തരാഖണ്ഡ്, ബീഹാര്‍, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ ഒരു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

വൈകിട്ട് നാലുമണിവരെ ആയിരിക്കും പൊതുദര്‍ശനം. അതിനുശേഷം ചെന്നൈ മറീന ബീച്ചിലേക്ക് സംസ്‌കാരത്തിനായി കൊണ്ടുപോകും. എംജിആര്‍ സ്മാരകത്തിനടുത്തായിട്ടാണ് ജയലളിതയ്ക്കുളള അന്ത്യവിശ്രമ സ്ഥലം ഒരുക്കിയിരിക്കുന്നത്. നാലരയ്ക്കാണ് സംസ്‌കാരം.

കേരളത്തില്‍ നിന്നും ഗവര്‍ണര്‍, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരും വൈകിട്ട് നടക്കുന്ന സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോഡി, കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിങ്ങനെ ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിലെ നിരവധി പേര്‍ ജയലളിതയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിച്ചേരുമെന്നാണ് അറിയുന്നത്. രാഷ്ട്രപതി ചെന്നൈയിലേക്ക് തിരിച്ച വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കിയിട്ടുണ്ട്.