ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമന ശുപാര്‍ശ മടക്കിയതില്‍ തെറ്റില്ല; കേന്ദ്ര നിലപാട് ശരിവെച്ച് ചീഫ് ജസ്റ്റിസ് മിശ്ര

ജസ്റ്റിസ് കെ എം ജോസഫിന്റെ നിയമന ശുപാര്‍ശ കേന്ദ്രം മടക്കിയതില്‍ തെറ്റില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കാനുള്ള കൊളീജിയം ശുപാര്‍ശ കേന്ദ്രം മടക്കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ദു മല്‍ഹോത്രയുടെ നിയമനം റദ്ദാക്കുന്നത് ചിന്തിക്കാനോ സങ്കല്‍പിക്കാനോ പറ്റില്ലെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കണമെന്നുള്ള കൊളീജിയം തീരുമാനത്തിന് കേന്ദ്രസര്‍ക്കാര്‍ ചുവപ്പ് കാര്‍ഡ് നല്‍കിയിരുന്നു.

കേന്ദ്രനിയമ മന്ത്രാലയം കത്തിലൂടെയാണ് ശുപാര്‍ശ പുന:പരിശോധിക്കാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയത്തോട് ആവശ്യപ്പെട്ടത്. ഇതു പരിഗണിക്കവേയാണ് അദ്ദേഹം കേന്ദ്ര നിലപാട് ശരിവെച്ചത്. കെഎം ജോസഫിന് നിയമനം നല്‍കിയാല്‍ പ്രാദേശിക പ്രാതിനിധ്യത്തില്‍ വ്യത്യാസം വരും. ജോസഫിനെക്കാള്‍ സീനിയോറിറ്റി ഉള്ള നിരവധി ജഡ്ജിമാര്‍ ഉണ്ട്. അതിനാല്‍ അദ്ദേഹത്തിന് നിയമനം നല്‍കുന്നത് സീനിയോറിറ്റി മറികടക്കലാകുമെന്നാണ് കേന്ദ്രം വാദിക്കുന്നത്. കെഎം ജോസഫിന്റെ നിയമനത്തിന് അംഗീകാരം നല്‍കാത്തതിന് പിന്നില്‍ മറ്റ് കാരണങ്ങളില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.