മിഷേല്‍ ഷാജി മരിച്ച സംഭവം കൊലപാതകമെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്.

സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജി മരിച്ച സംഭവം കൊലപാതകമെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. മിഷേല്‍ മരിച്ച ദിവസം ബൈക്കില്‍ രണ്ടുപേര്‍ പെണ്‍കുട്ടിയെ പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെയാണ് കൊലപാതകമാണോ എന്ന സംശയം ബലപ്പെടുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥിനിയുടെ മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം.

മാര്‍ച്ച് 6 തിങ്കളാഴ്ച രാത്രിയാണ് എറണാകുളം വാര്‍ഫിന് സമീപത്തുനിന്നും മിഷേലിയുടെ മൃതദേഹം ലഭിച്ചത്. കലൂര്‍ പളളിയിലേക്കെന്നു പറഞ്ഞ് കഴിഞ്ഞ അഞ്ചാം തിയ്യതി എറണാകുളം കച്ചേരിപ്പടിയിലെ ഹോസ്റ്റലില്‍ നിന്ന് പോയ മിഷേലിനെ പിറ്റേന്ന് വൈകീട്ട് കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കച്ചേരിപ്പടിയിലെ ഹോസ്റ്റലില്‍ നിന്നും മിഷേല്‍ കലൂര്‍ പള്ളിയിലെത്തിയെന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. സംഭവം ആത്മഹത്യയാണെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ നിര്‍ണ്ണായകമായ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെയാണ് സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയത്.

സിസിടിവി ദൃശ്യങ്ങള്‍ ബന്ധുക്കള്‍ പൊലീസിന് കൈമാറി. കായലില്‍ നിന്ന് കണ്ടെത്തിയ മൃതദേഹത്തില്‍ ഒരു പകലില്‍ കൂടുതല്‍ വെളളത്തില്‍ കിടന്നതിന്റെ ലക്ഷണമില്ലാത്തതും മൃതദേഹം കരയ്‌ക്കെടുക്കുമ്പോള്‍ വയറ്റില്‍ വെളളമില്ലാത്തതും ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്.