മിഷേലിന് നീതി ലഭ്യമാക്കണം: ജസ്റ്റിസ് ഫോര്‍ മിഷേല്‍ ക്യാമ്പയിന്‍

ദുരൂഹസാഹചര്യത്തില്‍ മരിച്ച സി എ വിദ്യാര്‍ത്ഥിനി മിഷേലിന് നീതി ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധക്യാമ്പയിന്‍.

ജസ്റ്റിസ് ഫോര്‍ മിഷേല്‍ എന്ന ഹാഷ്ടാഗും മിഷേലിന്റെ ചിത്രം പ്രൊഫൈല്‍ ചിത്രമാക്കിയുമാണ് പ്രതിഷേധക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. ‘പൊതുവഴിയില്‍ ചുംബിക്കാനുള്ള സ്വാതന്ത്ര്യത്തേക്കാള്‍ പൊതുവഴിയിലൂടെ ഒരു പെണ്‍കുട്ടിക്ക് ആരേയും പേടിക്കാതെ നടക്കാനുള്ള സ്വാതന്ത്ര്യമാണ് വേണ്ട’തെന്ന് ഉള്‍പ്പടെയുള്ള പോസ്റ്റുകളാണ് ക്യാമ്പയിനിന്റെ ഭാഗമായി സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചുവരുന്നത്.

‘അന്ന് ജിഷയ്ക്ക് വേണ്ടി വിപ്ലവം നടത്തിയവര്‍, ഇന്ന് ഒരു പാട് ജിഷമാര്‍ ഉണ്ടാകുമ്പോള്‍ എന്തേ മിണ്ടാതിരിക്കുന്നു? മിഷേല്‍ ഈ സമൂഹത്തിന്റെ ഭാഗമായിരുന്നില്ലേ, സത്യത്തിന് നേരെ കണ്ണടച്ച് ആ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് കിട്ടേണ്ടുന്ന നീതി നിഷേധിക്കുന്നത് ന്യായമോ? നീതിക്കായി കേഴുന്ന ആ ആത്മാവിന് വേണ്ടി, നമ്മുടെ അമ്മപെങ്ങമ്മാര്‍ക്ക് വേണ്ടി, നമുക്കുയര്‍ത്താം നമ്മുടെ കരങ്ങള്‍’ ഫേസ്ബുക്കിലെ ‘ജസ്റ്റിസ് ഫോര്‍ മിഷേല്‍’ എന്ന പേജിന്റെ ആമുഖമാണിത്.

പാലാരിവട്ടത്ത് സിഎ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്ന ഇലഞ്ഞി സ്വദേശിനിയായ മിഷേലിനെ മാര്‍ച്ച് അഞ്ചിന് കാണാതാവുകയും പിറ്റേദിവസം കൊച്ചി വാര്‍ഫില്‍ നിന്ന് അവരുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. കച്ചേരിപ്പടിയിലെ ഹോസ്റ്റലില്‍ നിന്ന് കലൂര്‍ പള്ളിയിലേക്ക് പോയതായിരുന്നു മിഷേല്‍.

മരണം ദുരൂഹമാണെങ്കിലും ആത്മഹത്യയെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസെത്തിയത്. മിഷേലിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നടന്‍ നിവിന്‍ പോളിയും കുഞ്ചാക്കോബാബനും രംഗത്തെത്തിയിട്ടുണ്ട്.