ജസ്റ്റിസ് ലോയയുടെ മരണത്തില്‍ ഇനി അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി

ജഡ്ജിയായിരുന്ന ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണത്തില്‍ ഇനി അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി. ഏപ്രില്‍ 19ന്റെ വിധിയില്‍ കേസില്‍ അന്വേഷണം വേണ്ടതില്ലെന്നും ലോയയുടേത് സ്വാഭാവിക മരണമാണെന്നും പിന്നില്‍ ദുരൂഹതയില്ലെന്നും ഉത്തരവിട്ടിരുന്നുവെന്ന കാര്യംചൂണ്ടിക്കാട്ടിയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ലോയയുടെ ദുരൂഹ മരണത്തില്‍ അന്വേഷണ ആവശ്യം തള്ളിയ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബോംബെ ലോയേഴ്‌സ് അസോസിയേഷനാണ് കോടതിയെ സമീപിച്ചത്.

2014 ഡിസംബര്‍ ഒന്നിനാണ് ബി.എച്ച് ലോയ മരിച്ചത്. ലോയ മരിച്ച് മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം 2017 നവംബര്‍ 20ന് കാരവന്‍ മാഗസിനില്‍ ലോയയുടെ മരണം സംബന്ധിച്ച സാഹചര്യങ്ങളില്‍ സംശയമുന്നയിച്ചുകൊണ്ട് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതോടെയാണ് ദുരൂഹത വെളിച്ചത്തു വന്നത്.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ളവര്‍ക്കെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ജഡ്ജി ലോയ വലിയ സമ്മര്‍ദം അനുഭവിച്ചിരുന്നുവെന്ന് പിതാവ് ഹര്‍കിഷന്‍ ലോയ, സഹോദരി ഡോ. അനുരാധ ബിയാനി, സഹോദരി പുത്രി നുപുര്‍ ബാലപ്രസാദ് ബിയാനി, സുഹൃത്തും അഭിഭാഷകനുമായ ഉദയ് ഗവാരെ എന്നിവര്‍ കാരവന് നല്‍കിയ പ്രത്യേക അഭിമുഖങ്ങളാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.