‘കുട്ടിക്കടത്ത് ആരോപിച്ച് മനുഷ്യത്വരഹിതമായി തല്ലി ചതയ്ക്കുന്നത് പുരോഗമന കേരളത്തിന് അപമാനം’

ഒരു തെറ്റും ചെയ്യാത്തവരെ കുട്ടികളെ കടത്തുന്നുവെന്ന് ആരോപിച്ച് മനുഷ്യത്വരഹിതമായി തല്ലിചതയ്ക്കുന്നത് പുരോഗമന കേരളത്തിന് അപമാനമാണെന്ന്  മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. കേരളത്തിലെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളില്‍ ചിലരെ വളഞ്ഞിട്ട് മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. കുട്ടികളെ തട്ടികൊണ്ട് പോകാന്‍ ശ്രമിച്ച ചില ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ വ്യാപകമായി കുട്ടികളെ തട്ടികൊണ്ട് പോകുന്നെന്ന് പ്രചരണം നടത്തുന്നത് ശരിയല്ല. വാട്ട്‌സാപ്പ് ഗ്രൂപുകളിലും ഫേസ്ബുക്കിലും പ്രചരിക്കുന്ന ഇത്തരം അടിസ്ഥാനരഹിതമായ സന്ദേശങ്ങള്‍ വലിയ രീതിയിലുള്ള ഭീതിയാണ് പരത്തുന്നത്. ആ ഭീതി മുതലെടുത്താണ് ചിലര്‍ അതിക്രമങ്ങള്‍ നടത്തുന്നത്.

കാട്ടുനീതി ഇവിടെ നടത്താന്‍ ശ്രമിക്കുന്നവരും ആക്രമണത്തിന് ആഹ്വാനം ചെയ്ത് സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരും ശക്തമായ നിയമനടപടി നേരിടേണ്ടി വരുമെന്ന് ഓര്‍ക്കുന്നത് നന്ന്. ഇത്തരം സംശയാസ്പദമായ സാഹചര്യങ്ങളില്‍ പോലീസിന്റെ സഹായം തേടുകയാണ് വേണ്ടത്. നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും കടകംപള്ളി വ്യക്തമാക്കി