കടകംപള്ളിയുടെ ചൈനാ യാത്ര: അനുമതി നിഷേധിച്ചത് ഇന്ത്യയുടെ നിലവാരത്തിന് യോജിച്ച പരിപാടി അല്ലാത്തതിനാല്‍

കടകംപള്ളി സുരേന്ദ്രന്റെ ചൈനായാത്രക്ക് അനുമതി നല്‍കാത്തതില്‍ വിശദീകരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വികെ സിങ്. പ്രോട്ടോകോള്‍ പ്രശ്‌നം മൂലമാണ് കടകംപളളിക്ക് അനുമതി നല്‍കാതിരുന്നത്. ചൈനയില്‍ മന്ത്രി കൂടികാഴ്ച നടത്തേണ്ടിയിരുന്നത് താഴ്ന്ന റാങ്കിലുളള ഉദ്യോഗസ്ഥരുമായാണ്. രാജ്യത്തിന്റെ അഭിമാനമാണ് വലുതെന്നും, മന്ത്രി പങ്കെടുക്കേണ്ടിയിരുന്ന പരിപാടി ഇന്ത്യയുടെ നിലവാരത്തിന് യോജിച്ചതല്ലെന്നും വികെ സിങ് പറഞ്ഞു.

സെപ്തംബര്‍ 11 മുതല്‍ 16 വരെ ചൈനയില്‍ നടക്കാനിരിക്കുന്ന യോഗത്തില്‍ കേരളത്തില്‍ നിന്നുമുള്ള സംഘത്തെ നയിക്കാനിരുന്നത് മന്ത്രി സുരേന്ദ്രനായിരുന്നു. ഇതിനുള്ള അനുമതിക്കായാണ് കേന്ദ്രത്തെ സമീപിച്ചത്. യുഎന്‍ സംഘടിപ്പിക്കുന്ന യോഗമാണിത്. മന്ത്രി ഒഴിച്ച് സംഘത്തിലുള്ള മറ്റുള്ളവര്‍ക്ക് ചൈനയിലേക്ക് പോകുന്നതിനുള്ള അനുമതിയുണ്ട്.