നടനായതുകൊണ്ടു മാത്രം രാഷ്ട്രീയത്തില്‍ വിജയിക്കാനാകില്ല; വിജയത്തിന്റെ ചേരുവ തീരുമാനിക്കുന്നത് ജനങ്ങളാണെന്ന് രജനീകാന്ത്

രാഷ്ട്രീയത്തില്‍ വിജയിക്കാനുള്ള ചേരുവ തീരുമാനിക്കുന്നത് ജനങ്ങളാണെന്ന് തമിഴ്‌നടന്‍ രജനീകാന്ത്. നടനായതുകൊണ്ടുമാത്രം രാഷ്ട്രീയത്തില്‍ വിജയിക്കാനാകില്ലെന്നും രജനീകാന്ത് പറഞ്ഞു. ചെന്നൈയില്‍ നടന്‍ ശിവാജി ഗണേശന്റെ സ്മാരക ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. നടന്‍ കമല്‍ഹാസനും ചടങ്ങിനെത്തിയിരുന്നു. ഇരുവരുടേയും രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയാകുന്നതിനിടെയാണ് തമിഴിലെ സൂപ്പര്‍ താരങ്ങള്‍ വേദി പങ്കിട്ടത്. പേരോ പ്രശസ്തിയോ പണമോ ഉപയോഗിച്ച് രാഷ്ട്രീയത്തില്‍ വിജയിക്കാനാകില്ലെന്ന് രജനീകാന്ത് ചൂണ്ടിക്കാട്ടി. അതിനേക്കാള്‍ പ്രധാനമാണ് ഒരു നടനെ രാഷ്ട്രീയക്കാരനാക്കി പരിവര്‍ത്തനപ്പെടുത്തുന്ന ഘടകങ്ങള്‍. ഒരു പക്ഷേ കമല്‍ഹാസന് അത് അറിയാമായിരിക്കുമെന്നും രജനീകാന്ത് പറഞ്ഞു. രണ്ടു മാസം മുന്‍പ് ചോദിച്ചിരുന്നെങ്കില്‍ അദ്ദേഹമത് ഞാനുമായി പങ്കുവച്ചേനെ. ഇപ്പോള്‍ അതേ ചോദ്യം ഞാന്‍ ഉയര്‍ത്തുമ്പോള്‍, കൂടെ വരൂ, പറഞ്ഞു തരാം എന്നാണ് കമലിന്റെ മറുപടിയെന്നും രജനീകാന്ത് പറഞ്ഞു.

തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വമാണ് സ്മാരകത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. നേരത്തെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ചടങ്ങില്‍ പങ്കെടുക്കില്ലെന്ന അറിയിപ്പിനെ തുടര്‍ന്ന് പ്രതിഷേധവുമായി ശിവാജി ഗണേശന്റെ മകനും നടനുമായ പ്രഭുവും മറ്റു കുടുംബാംഗങ്ങളും രംഗത്തെത്തിയിരുന്നു. പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന ഇരുവരുടെയും തീരുമാനം തന്നെ സംബന്ധിച്ച് അപമാനകരമാണെന്ന് പ്രഭു അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹം സംസ്ഥാന വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രിക്കു കത്തയയ്ക്കുകയും ചെയ്തു. സംഭവം കൈവിട്ടുപോയതോടെ പ്രഭുവുമായി ഫോണില്‍ ബന്ധപ്പെട്ട മുഖ്യമന്ത്രി എടപ്പാടി പളനിസാമി, പരിപാടിയില്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം പങ്കെടുക്കുമെന്ന് ഉറപ്പുനല്‍കുകയായിരുന്നു. തിരക്കുമൂലം പരിപാടിയില്‍ പങ്കെടുക്കാന്‍ തനിക്കു സാധിക്കാത്തതിലുള്ള വിഷമവും അദ്ദേഹം നടനെ അറിയിച്ചിരുന്നു.

നേരത്തെ, ചെന്നൈ കാമരാജര്‍ ശാലയില്‍ സ്ഥാപിച്ചിരുന്ന ശിവാജി ഗണേശന്റെ പ്രതിമ മദ്രാസ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് അവിടെ നിന്ന് നീക്കിയിരുന്നു. 2016 ഓഗസ്റ്റ് നാലിനായിരുന്നു ഇത്. ഈ പശ്ചാത്തലത്തിലാണ് തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് 2.80 കോടി രൂപ ചെലവഴിച്ച് പുതിയ സ്മാരകം നിര്‍മ്മിച്ചത്. 28,300 ചതുരശ്ര അടി വലുപ്പമുള്ളതാണ് പുതിയ സ്മാരകം.