കെ.എം.മാണിയുടെ എല്‍ഡിഎഫ് പ്രവേശനനീക്കത്തില്‍ അപകടമുണ്ടെന്ന് സംശയിക്കണമെന്ന് കാനം

കെ.എം.മാണിയുടെ എല്‍ഡിഎഫ് പ്രവേശനനീക്കത്തില്‍ അപകടമുണ്ടെന്ന് സംശയിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇടത് ആശയങ്ങളുമായി യോജിക്കുന്നവരെ മാത്രമാണ് മുന്നണിക്ക് ആവശ്യം. മാണിയെ വെള്ളപൂശിക്കൊണ്ടുവരുന്ന കാര്യം ഇടതുമുന്നണി ചര്‍ച്ച ചെയ്തിട്ടില്ല. വിഷയം ഇടതുമുന്നണിയില്‍ ചര്‍ച്ചയ്ക്കു വന്നാല്‍ വേണ്ടെന്ന നിലപാട് അറിയിക്കും. മാണിയുടെ അഴിമതിക്കെതിരെ നടത്തിയ പ്രസംഗങ്ങള്‍ മറക്കാന്‍ സമയമായിട്ടില്ലെന്നും കാനം പറഞ്ഞു. അഴിമതിക്കാരെയും അവസരവാദികളെയും കുത്തിനിറച്ചല്ല മുന്നണി വികസിപ്പിക്കേണ്ടതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. മുന്നണിയില്‍ നിന്ന് മുമ്പ് വിട്ടുപോയ പാര്‍ട്ടികളെ തിരിച്ചെടുക്കുന്ന കാര്യം മുന്നണി യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. ഇക്കാര്യത്തില്‍ സിപിഐക്ക് കൃത്യമായി നിലപാടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കെ.എം.മാണിയുടെ കേരള കോണ്‍ഗ്രസ് (എം) മഹാസമ്മേളനം കോട്ടയത്തു നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കാനത്തിന്റെ പ്രസ്താവന വന്നിരിക്കുന്നത്. മഹാസമ്മേളനത്തില്‍ മുന്നണി പ്രവേശനത്തെക്കുറിച്ചുള്ള പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജെഡിയുവിന് മാത്രമല്ല മുന്നണിയില്‍ നിന്ന് പോയ ആര്‍എസ്പിക്കും മടങ്ങി വരാം. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് അതാത് പാര്‍ട്ടികളാണ്. എന്നാല്‍, കെ.എം. മാണി എല്‍ഡിഎഫില്‍ നിന്ന് പോയ ആളല്ല അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പാര്‍ട്ടിയെ മുന്നണിയില്‍ ഉള്‍പ്പെടുത്തില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.