കണ്ണൂരിലെ ഐഎസ് മോഡൽ കൊലപാതകം; പോപ്പുലർ ഫ്രണ്ട് നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് കെ സുരേന്ദ്രൻ

പോപ്പുലർ ഫ്രണ്ടിനെ സഹായിക്കുന്ന നിലപാടാണ് സർക്കാരിന്റേതെന്നും ശ്യാമിന്റെ വീട് സന്ദർശിക്കാതെ പ്രതികളുടെ വീട്ടിൽ പോയ കൌൺസിലറുടെ നിലപാട് അതുതന്നെയാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശ്യാമപ്രസാദിന്റെ കൊലപാതകത്തിൽ ബാക്കിയുള്ള പ്രതികളെ പൊലീസ് ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. പോപ്പുലർ ഫ്രണ്ടിന്റെ ജില്ലാ നേതൃത്വത്തിന്റെ പങ്കും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശ്യാമ പ്രസാദിന്റെ വീട് സന്ദർശിച്ച ശേഷം ജനം ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈകിട്ട് അഞ്ച് മണിയോടെയാണ് കെ സുരേന്ദ്രൻ പോപ്പുലർ ഫ്രണ്ടുകാർ കൊലപ്പെടുത്തിയ ശ്യാമപ്രസാദിന്റെ വീട്ടിലെത്തിയത്. മാതാപിതാക്കളെയും സഹോദരന്മാരെയും ആശ്വസിപ്പിക്കുകയും ചെയ്തു. ശ്യാമപ്രസാദ് വധക്കേസിന്റെ അന്വേഷണത്തിൽ പോലീസിന്റെ നിസംഗത അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പോപ്പുലർ ഫ്രണ്ടിനെ സഹായിക്കുന്ന നിലപാടാണ് സർക്കാരിന്റേതെന്നും ശ്യാമിന്റെ വീട് സന്ദർശിക്കാതെ പ്രതികളുടെ വീട്ടിൽ പോയ കൌൺസിലറുടെ നിലപാട് അതുതന്നെയാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പോപ്പുലർ ഫ്രണ്ടിന്റെ ഉന്നത തല ഗൂഡാലോചന തന്നെ സംഭവത്തിൽ നടന്നിട്ടുണ്ടെന്നും ബാക്കി പ്രതികളെ കൂടെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.