കര്‍ണാടകയിലെ മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയാഹ്ലാദ റാലിക്കിടെ ആസിഡ് ആക്രമണം; പത്ത് പേര്‍ക്ക് പരിക്ക്

കര്‍ണാടകയിലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബന്ധപ്പെട്ട് വിജയാഹ്ലാദം നടത്തിയ കോണ്‍ഗ്രസ് റാലിയിലേക്ക് ആസിഡ് ആക്രമണം. വ്യാവസായിക നഗരമായ തുംകൂറില്‍ ബിജെപിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി  വിജയിച്ചതിന്റെ ഭാഗമായാണ് റാലി സംഘടിപ്പിച്ചത്. റാലിക്കിടെ  ഒരാള്‍ ജനങ്ങള്‍ക്കിടയിലേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് 10 പേര്‍ക്ക് പരിക്കേറ്റു.ഇവരെ  ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു.ആരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ല.

പരിക്കേറ്റ പത്തു പേരുടെയും നില ഗുരുതരമല്ലെന്ന് ഡോക്ടര്‍ അറിയിച്ചു. ബാത്ത്‌റൂം ക്ലീനര്‍ പോലെയുള്ള സാന്ദ്രത കുറഞ്ഞ ആസിഡ് ദ്രാവകമാണ് അക്രമികള്‍ ഉപയോഗിച്ചതെന്നും ഡോക്ടര്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആരും സംഭവത്തില്‍ പരാതി നല്‍കിയില്ലെന്ന് പൊലീസ് അറിയിച്ചു.

കര്‍ണാടകത്തില്‍ നഗര മുനിസിപ്പാലിറ്റികളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കം. 2,664 സീറ്റുകളില്‍ 2,267 സീറ്റുകളുടെ ഫലം പുറത്തുവന്നു. ഇതില്‍ 966 സീറ്റ് കോണ്‍ഗ്രസ് നോടിയപ്പോള്‍ ബിജെപി 910 സീറ്റുകളിലേക്ക് ഒതുങ്ങി. 373 സീറ്റാണ് ജനതാദളിനുള്ളത്.