കാര്‍ത്തി ചിദംബരം ചോദ്യം ചെയ്യലിന് സഹകരിക്കുന്നില്ല; നുണ പരിശോധനയ്ക്ക് വിധേയനാക്കാന്‍ സി.ബി.ഐ നീക്കം

ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ നുണ പരിശോധനയ്ക്ക് വിധേയനാക്കാന്‍ സി.ബി.ഐയുടെ നീക്കം. നുണ പരിശോധനയ്ക്ക് അനുമതി തേടി സി.ബി.ഐ കോടതിയെ സമീപിച്ചു.

സി.ബി.ഐയുടെ ആവശ്യം മാര്‍ച്ച് ഒമ്പതിന് പരിഗണിക്കുമെന്ന് പ്രത്യേക കോടതി ജഡ്ജി സുനില്‍ റാണ വ്യക്തമാക്കി. കാര്‍ത്തി ചിദംബരത്തിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, കൂട്ടുപ്രതി ഇന്ദ്രാണി മുഖര്‍ജി എന്നിവര്‍ക്ക് പ്രൊഡക്ഷന്‍ വാറണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട അപേക്ഷയ്ക്കൊപ്പമാവും നുണ പരിശോധന നടത്തണമെന്ന സി.ബി.ഐയുടെ ആവശ്യവും പരിഗണിക്കുക. ഐ.എന്‍.എക്സ് മീഡിയ കേസില്‍ അറസ്റ്റിലായ കാര്‍ത്തി ചിദംബരത്തിന്റെ സി.ബി.ഐ കസ്റ്റഡി മൂന്ന് ദിവസത്തേക്കുകൂടി കഴിഞ്ഞ ദിവസം കോടതി നീട്ടിയിരുന്നു.

കേസ് അന്വേഷണത്തിന്റെ തുടര്‍ച്ചയ്ക്കും യഥാര്‍ഥ വിവരങ്ങള്‍ കണ്ടെത്തുന്നതിനും കാര്‍ത്തി ചിദംബരത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടുനല്‍കേണ്ടത് ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. കാര്‍ത്തി ചിദംബരം ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് സി.ബി.ഐ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചതാണ്. മോബൈല്‍ ഫോണിന്റെ പാസ്വേഡ് അടക്കമുള്ളവ വെളിപ്പെടുത്താന്‍ വിസമ്മതിച്ചുവെന്നും അറിയിച്ചിരുന്നു.