അണ്ണാദുരൈ ഉറങ്ങുന്ന മണ്ണില്‍ ഇനി കലൈഞ്ജറും; കണ്ണീരണിഞ്ഞ് ജനസാഗരം

തമിഴ്മക്കളുടെ ദൈവമായ കലൈഞ്ജര്‍ മണ്ണോട് ചേര്‍ന്നു. ദ്രാവിഡ രാഷ്ട്രീയത്തിന്റെ കുലപതി ഓര്‍മ്മകളില്‍ മറഞ്ഞു. ചെന്നൈ മറീനാ ബീച്ചില്‍ ദേശീയ ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. കരുണാനിധിക്ക്അന്തിമേപചാരം അര്‍പ്പിക്കാന്‍ ജനസഹസ്രങ്ങളാണ് മറീനാ ബീച്ചിലും പരിസരങ്ങളിലും തടിച്ചുകൂടിയത്. കലൈഞ്ജറുടെ ആഗ്രഹം പോലെ പ്രിയ നേതാവ് അണ്ണാദുരൈ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിലാണ് കരുണാനിധിയും ഇനി ഉറങ്ങുക.

മണിക്കൂറുകള്‍ നീണ്ട വിലാപയാത്രയ്‌ക്കൊടുവിലാണ് രാജാജി നഗറില്‍ നിന്നും ചെന്നൈയിലെ മറീന ബീച്ചിലേക്ക് കലൈഞ്ജറുടെ മൃതദേഹം കൊണ്ടുവന്നത്. കലാസംസ്‌കാരിക , രാഷ്ട്രീയ മേഖലകളിലെ നിരവധി പേരാണ് കരുണാനിധിക്ക് അന്തിമോപചാരമര്‍പ്പിക്കാനായി എത്തിയത്. വിലാപയാത്രയ്ക്ക് അണിനിരന്ന പതിനായിരങ്ങളെ നിയന്ത്രിക്കാന്‍ പൊലീസ് ഒരുപാട് ബുദ്ധിമുട്ടി.

കരുണാനിധിയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിനു വച്ച രാജാജി ഹാളിലും അദ്ദേഹത്തെ അവസാനമായി കാണാനായി ബാരിക്കേഡുകള്‍ പോലും തകര്‍ത്ത് പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. ഇവരെ നിയന്ത്രിക്കാനായി പൊലീസ് ഏറെ പണിപ്പെട്ടു. രാജാജി ഹാളിലുണ്ടായ തിക്കിലും തിരക്കിലും രണ്ട് പേരാണ് മരിച്ചത്.