‘കരുണാനിധിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്’; ‘അഭ്യൂഹങ്ങള്‍ വിശ്വസിക്കരുത്’

ചികിത്സയില്‍ കഴിയുന്ന ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുന്‍മുഖ്യമന്ത്രിയുമായ എം.കരുണാനിധിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മകന്‍ എം.കെ.സ്റ്റാലിന്‍. പനിയും അണുബാധയും കുറഞ്ഞു വരുന്നുണ്ടെന്ന് സ്റ്റാലിന്‍ പറഞ്ഞു.

ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്നും അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചെന്നൈ ഗോപാലപുരത്തെ വീട്ടില്‍ ഡോക്ടര്‍മാരുടെ പ്രത്യേക നിരീക്ഷണത്തിലാണ് അദ്ദേഹം. അണികള്‍ സംയമനം പാലിക്കണമെന്നും ആശുപത്രിക്ക് പുറത്ത് പൊലീസ് നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും അദ്ദേഹം അണികളോട് ആവശ്യപ്പെട്ടു.

സമാധാനപരമായി മുന്നോട്ട് പോകുമെന്നാണ് വിശ്വാസമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. നിലവില്‍ അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും രക്തസമ്മര്‍ദം ക്രമീകരിക്കാന്‍ സാധിച്ചുവെന്നും ഡി.എം.കെ. വൃത്തങ്ങളും അറിയിച്ചു.