മമ്മൂട്ടിയുടെ കസബയ്‌ക്കെതിരെ പൊലീസ് കേസെടുത്തു

സ്ത്രീത്വത്തെ അപമാനിക്കുന്ന ദൃശ്യങ്ങളും ഉണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ മമ്മൂട്ടി ചിത്രം ‘കസബ’യ്ക്കെതിരെ കോഴിക്കോട് കസബ പോലീസ് കേസെടുത്തു. കസബ സിനിമയുടെ നിര്‍മ്മാതാവിനും വിതരണക്കാരനും ചിത്രം പ്രദര്‍ശിപ്പിച്ച ശ്രീ തിയറ്റേറിനും എതിരെ കസബ സിഐ പി.പ്രമോദാണ് കേസെടുത്തത്. ചേവായൂര്‍ സ്വദേശി കെ. സലീലാണ് പരാതി നല്‍കിയത്.

1983ലെ ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. ആരോപണം ശരിയാണോ എന്ന് പരിശോധിക്കാനായി വനിതാ തഹസില്‍ദാര്‍ ചിത്രം കണ്ട് സാക്ഷ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട പൊലീസ് ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കിയിരന്നു. എന്നാല്‍, തഹസില്‍ദാറുടെ സേവനം ലഭ്യമാക്കാത്തതിനാല്‍ അന്വേഷണം നിലച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് തന്നെ സിനിമ കണ്ട് ആരോപണം ശരിയെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് ഐ.പി.സി 292ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. ഛായാഗ്രഹണ നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്‍ജി പണിക്കരുടെ മകന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘കസബ’. പരാതിക്കാരനായ സലീല്‍ കുടുംബത്തോടൊപ്പം ജൂലൈ 23ന് ശ്രീ തിയറ്ററില്‍നിന്നാണ് ചിത്രം കണ്ടത്. കുട്ടികളോടും കുടുംബത്തോടുമൊപ്പം ഈ സിനിമ കാണാനാകില്ലെന്നും സ്ത്രീകളെക്കുറിച്ച് അശ്ലീലം നിറഞ്ഞ സംഭാഷണമാണുള്ളതെന്നും ചൂണ്ടിക്കാണിച്ചാണ് ഇയാള്‍ പരാതി നല്‍കിയത്.

ചിത്രത്തിലെ സംഭാഷണങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ദ്വയാര്‍ത്ഥ പ്രയോഗങ്ങളോട് കൂടിയ ചില സംഭാഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. ചില രംഗങ്ങള്‍ അശ്ലീല സ്വഭാവത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്