ജനങ്ങളെ ഭീതിയിലാഴ്ത്തി കാസര്‍കോട് വീശിയടിച്ച ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടം

കാസര്‍കോട് വീശിയടിച്ച ചുഴലിക്കാറ്റിലും പേമാരിയിലും വന്‍ നാശനഷ്ടം.ഇന്ന് പകല്‍ മൂന്ന് കഴിഞ്ഞാണ് ജില്ലയിലെ പലയിടങ്ങളിലും 15 മിനിറ്റോളം ചുഴലിക്കാറ്റ് വീശിയടിച്ചത്. ജനങ്ങളെ ഭീതിയിലാഴ്ത്തി ചുഴലിക്കാറ്റിനൊപ്പം കനത്ത മഴയും ഇടിമിന്നലും ഉണ്ടായിരുന്നു.

കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ മരംവീണു. മൈലാട്ടിയില്‍നിന്ന് കാസര്‍കോട്ടേക്കുള്ള ലൈനില്‍ മരം വീണതിനാല്‍ വൈദ്യുതിയും നിലച്ചു. ബസ് സ്റ്റാന്‍ഡിനു മുന്‍വശത്തെ വന്‍കിട വ്യാപാര സ്ഥാപനത്തിന്റെ മേല്‍ക്കൂര പറന്നുപോയി തൊട്ടടുത്ത കെട്ടിടത്തില്‍ പതിച്ചു. കെട്ടിടത്തിന്റെ മുകളില്‍ സ്ഥാപിച്ച മൊബൈല്‍ ടവറും പൂര്‍ണമായും തകര്‍ന്നു. ടൗണിലിള്ള ഐവ സില്‍ക്‌സിന്റെ പാര്‍ക്കിങ് സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന മൂന്ന് കാറുകള്‍ക്ക് ഭാഗികമായി കേടുപാട് സംഭവിച്ചു. ദേശീയപാതയോരത്ത് നുള്ളിപ്പാടിയില്‍ വാണിജ്യാവശ്യത്തിന് തയ്യാറാക്കിയ വലിയ പന്തല്‍ നിലംപൊത്തി.

യെല്ലോ അലര്‍ട്ടായിരുന്നു ജില്ലയില്‍ എന്നതിനാല്‍ കാര്യമായ ഭീഷണിയുണ്ടായിരുന്നില്ല. പകല്‍ മൂന്നിനു ശേഷം പെട്ടെന്നു വീശിയ ചുഴലിക്കാറ്റും ഇടിയും മിന്നലും ഏതാനും സമയം കനത്ത ഭീതിവിതച്ചു. റോഡുകളില്‍നിന്ന് വാഹനങ്ങളെല്ലാം ഒഴിവായത് വളരെ പെട്ടെന്നായിരുന്നു. ചുഴലിക്കാറ്റു കടന്നുപോയ ഭാഗത്തുണ്ടായിരുന്ന മരങ്ങള്‍ പലതും നിലംപതിച്ചു.

Show More

Related Articles

Close
Close