കാസര്‍േഗാഡ് നിന്ന് ഒരാളെ കൂടി ദുരൂഹ സാഹചര്യത്തില്‍ കാണാതായി

കാസര്‍കോഡ് നിന്ന് ഒരാളെ കൂടി ദുരൂഹ സാഹചര്യത്തില്‍ കാണാതായി. ആദൂര്‍ ചീനപ്പാടി സ്വദേശി അബ്ദുല്ലയെന്ന ഇരുപതുകാരനെയാണ് കഴിഞ്ഞ ആറു മാസമായി കാണാനില്ലെന്ന് കാണിച്ചു ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇയാള്‍ക്ക് തൃക്കരിപ്പൂരില്‍ നിന്നും കാണാതായവരുമായി ബന്ധമുണ്ടെന്ന സൂചനകളെ തുടര്‍ന്ന് പോലീസ് അന്വേഷണം തുടങ്ങി.

തൃക്കരിപ്പൂരില്‍ മതപഠനത്തിന് എന്ന് പറഞ്ഞാണ് അബ്ദുല്ല ഒരു വര്‍ഷം മുന്‍പ് വീട്ടില്‍ നിന്നും ഇറങ്ങിയത്.ഡിസംബറില്‍ വീട്ടില്‍ വന്നെങ്കിലും തൊട്ടടുത്ത ദിവസം എറണാകുളത്തേയ്‌ക്കെന്നു പറഞ്ഞു പോയി. പിന്നെ ഇതുവരെ വിവരമൊന്നും ഇല്ല.ഇതോടെയാണ് ബന്ധുക്കള്‍ ആദൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.പ്രാഥമിക അന്വേഷണത്തില്‍ തൃക്കരിപ്പൂരില്‍ നിന്നും കാണാതായവരുമായി ബന്ധമുണ്ടെന്ന് സൂചന കിട്ടിയതോടെ കേസ് അടൂര്‍ സി ഐ ജില്ലാ പോലീസ് മേധാവിക്ക് കൈമാറി.

തൃക്കരിപ്പൂര്‍ കേസിന്റെ കൂടെ ഈ കേസും അന്വേഷിക്കാനാണ് തീരുമാനം. അതേ സമയം ഐ എസ് ബന്ധത്തിന്റെ പേരില് അറസ്റ്റിലായ ബിഹാര്‍ സ്വേദേശി യാസ്മിനെ കാണാതായ അബ്ദുല്‍ റാഷിദിന്റെ വീട്ടില്‍ എത്തിച്ചു തെളിവെടുത്തു.