കശ്മീരിലെ പാംപോറയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ 5 ജവാന്‍മാര്‍ കൊല്ലപ്പെട്ടു; 2 ഭീകരരെ സൈന്യം വധിച്ചു

ജമ്മുകശ്മീരിലെ പാംപോറയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ 5 ജവാന്‍മാര്‍ കൊല്ലപ്പെട്ടു. 2 ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പുല്‍വാമ ജില്ലയിലെ അവന്തിപോരയിലുള്ള സിആര്‍പിഎഫ് പരിശീലനകേന്ദ്രത്തില്‍ ഭീകരാക്രമണത്തില്‍ അഞ്ച് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. മൂന്ന് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണം നടത്തിയ രണ്ട് ഭീകരരെയും സുരക്ഷാസേന വധിച്ചിരുന്നു. രജൗറി ജില്ലയിലെ നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ക്കരാര്‍ ലംഘിച്ച് പാകിസ്താന്‍ നടത്തിയ ആക്രമണത്തില്‍ ഒരു കരസേനാ ജവാനും കൊല്ലപ്പെട്ടിരുന്നു.

ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് സിആര്‍പിഎഫിന്റെ 185 ബറ്റാലിയന്‍ പരിശീലനകേന്ദ്രത്തില്‍ ആക്രമണമുണ്ടായത്. ക്യാമ്പില്‍ അതിക്രമിച്ചുകയറിയ ഭീകരര്‍ ഗ്രനേഡ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആദ്യമായാണ് പ്രാദേശികതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഭീകരര്‍ ഒരു ചാവേറാക്രമണം നടത്തുന്നത്. രാഷ്ട്രീയ റൈഫിള്‍സ്, സി.ആര്‍.പി.എഫ്., പോലീസ് എന്നിവര്‍ സംയുക്തമായി നടത്തിയ 12 മണിക്കൂറോളംനീണ്ട സൈനികനീക്കത്തിനൊടുവിലാണ് ഭീകരരെ വധിച്ചത്.  ഇന്‍സ്‌പെക്ടര്‍ കുല്‍ദീപ് റോയി (ഹിമാചല്‍പ്രദേശ്), ഹെഡ് കോണ്‍സ്റ്റബിള്‍ തൗഫൈല്‍ അഹമ്മദ് (കശ്മീര്‍), കോണ്‍സ്റ്റബിള്‍മാരായ ഷരീഫ് ഉദ്-ദിന്‍ ഗാനേ (കശ്മീര്‍), രാജേന്ദ്ര നെയ്ന്‍ (രാജസ്ഥാന്‍), പി.കെ. പാണ്ഡ (ഒഡിഷ) എന്നിവരാണ് കൊല്ലപ്പെട്ടത്. കോണ്‍സ്റ്റബിള്‍മാരായ നരേന്ദ്രകുമാര്‍, മാലം സമാധാന്‍, മാല റാം എന്നിവര്‍ക്കാണ് പരിക്കേറ്റത്. പുല്‍വാമ സ്വദേശിയായ മന്‍സൂര്‍ അഹമ്മദ് ബാബ, ട്രാല്‍ സ്വദേശിയായ ഫര്‍ദീന്‍ അഹമ്മദ് ഖാണ്ഡെ എന്നിവരാണ് ആക്രമണം നടത്തിയതെന്ന് സി.ആര്‍.പി.എഫ്. വക്താവ് രാജേഷ് യാദവ് അറിയിച്ചു.

ഭീകരരുടെ സംഘത്തില്‍ ഒന്നോ രണ്ടോ പേര്‍കൂടി ഉണ്ടായേക്കാമെന്ന് സി.ആര്‍.പി.എഫ്. വക്താവ് പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തു. മൂന്നുദിവസമായി താഴ്!വരയില്‍ ഭീകരര്‍ ആക്രമണത്തിന് ശ്രമിച്ചിരുന്നതായി വിവരം ലഭിച്ചിരുന്നെന്ന് ഡിജിപി എസ്.പി. വെയ്ദ് അറിയിച്ചു. നൗഷേര സെക്ടറിലെ നിയന്ത്രണരേഖയിലാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ക്കരാര്‍ ലംഘിച്ചത്. പുലര്‍ച്ചെ ഒന്നരയ്ക്ക് തുടങ്ങിയ ഏറ്റുമുട്ടല്‍ മൂന്നുമണിക്കൂര്‍ നീണ്ടു. പഞ്ചാബ് റെജിമെന്റിലെ സിപോയ് ജഗ്‌സിര്‍ സാങ്ങാണ് കൊല്ലപ്പെട്ടത്.

2017-ല്‍ ആകെ 206 ഭീകരരെ വധിച്ചതായും 75 പേരെ ഭീകരവാദത്തില്‍നിന്ന് തിരികെയെത്തിച്ചതായും ഡിജിപി അറിയിച്ചു. ഈവര്‍ഷമാദ്യമാണ് കശ്മീരില്‍ ‘ഓപ്പറേഷന്‍ ഓള്‍ ഔട്ട്’ എന്നപേരില്‍ സൈനികനടപടി ആരംഭിച്ചത്. ഭീകരരെ വധിക്കുക മാത്രമല്ല, ഭീകരവാദത്തിലേക്ക് പോയവരെ തിരികെയെത്തിച്ച് മുഖ്യധാരയിലേക്ക് കൊണ്ടുവരികയെന്നതും ഇതിന്റെ പ്രധാനലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു.