കായംകുളത്ത് ബി ജെ പി യുടെ വന്‍ അട്ടിമറി

2b
കായംകുളം രാഷ്ട്രീയ ലോകത്ത് അമ്പരപ്പ് സൃഷ്ടിച്ച് കായകുളം നഗരസഭാ സിറ്റിംഗ് ചെയര്‍പേഴ്സനും , ഇരുപത്തിരണ്ടാം വാര്‍ഡു കൌണസിലറുമായ ശ്രീമതി രാജശ്രീ കോമളത്ത് ബി ജെ പി പാളയത്തില്‍. നിലവില്‍ കായംകുളത്ത് 25-ാം വാര്‍ഡില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായ രാജശ്രീയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതായി.ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പാലമുറ്റത്ത് വിജയകുമാര്‍ അറിയിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി ജി. ഉണ്ണികൃഷ്ണപിള്ള മത്സരത്തില്‍ നിന്നു പിന്മാറി രാജശ്രീക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
കഴിഞ്ഞ ഒരു വര്‍ഷമായി കായംകുളം ചെയര്‍പേഴ്‌സണായി പ്രവര്‍ത്തിക്കുകയാണ് രാജശ്രീ. വൈസ് ചെയര്‍മാന്‍ അഡ്വ. യു. മുഹമ്മദിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിലെ ഒരുവിഭാഗം കപടമതേതര വാദികള്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും ഇതില്‍ മനംനൊന്തും കോണ്‍ഗ്രസ് മടുത്തുമാണ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചതെന്നും രാജശ്രീ പത്രസമ്മേളനത്തില്‍ പറഞ്ഞു. നേരത്തെ കായംകുളത്ത് ബാര്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട് തനിക്കെതിരെ ചില കോണ്‍ഗ്രസുകാര്‍ കുപ്രചാരണം നടത്തുകയും കെപിസിസി പ്രസിഡന്റിനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തിരുന്നു.
ഇതേത്തുടര്‍ന്നാണ് ഇത്തവണ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. എന്നാല്‍ കഴിഞ്ഞദിവസം ദിവസം കെപിസിസി ജനറല്‍ സെക്രട്ടറി സി.ആര്‍. ജയപ്രകാശ്, സെക്രട്ടറി അഡ്വ. ത്രിവിക്രമന്‍ തമ്പി, കെപിസിസിയംഗം ഇ. സെമീര്‍ എന്നിവര്‍ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി. തനിക്കും കുടുംബത്തിനും ജീവനു തന്നെ ഭീഷണി ഉയര്‍ന്നിരിക്കുകയാണ്. രാജ്യസ്‌നേഹികള്‍ക്ക് സാമൂഹ്യ സേവനത്തിനു മികച്ച പാര്‍ട്ടി ബിജെപിയാണെന്നു ബോധ്യപ്പെട്ടതിനാലാണ് ബിജെപിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്നും ചെയര്‍പേഴ്‌സണ്‍ സ്ഥാനം ഇന്ന് രാജിവയ്ക്കുമെന്നും അവര്‍ പറഞ്ഞു.