മലയാളിയുടെ മനസ്സ് പിടിച്ചുലച്ച ആ കള്ളന്റെ കഥക്ക് മികച്ച പ്രതികരണം.

മലയാളിയുടെ മനസ്സ് പിടിച്ചുലച്ച ആ കള്ളന്റെ കഥക്ക് മികച്ച പ്രതികരണം.

351 തീയറ്ററുകളിലായി വിരുന്നെത്തിയ കായംകുളം കൊച്ചുണ്ണിയില്‍ അവിസ്മരണീയമായ പ്രകടനമാണ് നായകന്‍ നിവിന്‍ പോളി കാഴ്ചവച്ചിരിക്കുന്നത്‌.

ഒളിച്ചിരുന്നു കളരി പഠിക്കുന്ന കൊച്ചുണ്ണിയെ കണ്ടു പിടിച്ച് കളരി അഭ്യസിപ്പിക്കുന്ന ആശാന്റെ റോളില്‍ ബാബു ആന്റണിയും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചത്.

പുരാതന കഥയിലെ കൊള്ളക്കാരന് മാനുഷിക മുഖം നല്‍കി നായകനായി അവരോധിക്കുക മാത്രമല്ല, അടിച്ചമര്‍ത്തപ്പെട്ട ഒരു ജനവിഭാഗത്തിന്റെ കഷ്ടപ്പാടുകളും ദുരിതങ്ങളും കൂടി ചിത്രത്തില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് വൈകാരികമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.

മേല്‍ ജാതിക്കാരുടെ മുന്നില്‍ ഓച്ഛാനിച്ചു നിന്ന് മര്‍ദ്ദനം ഏറ്റുവാങ്ങുന്ന കീഴ്ജാതിക്കാരുടെ വേദന വര്‍ത്തമാനകാലത്ത് ചില ഓര്‍മ്മപ്പെടുത്തലുകള്‍ കൂടി നടത്തുന്നുണ്ട്.

പ്രത്യേകിച്ച് ശബരിമല വിഷയത്തില്‍ ഹിന്ദു സമുദായത്തില്‍ തന്നെ വിഭിന്ന അഭിപ്രായങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ജാതീയമായ ഈ പരാമര്‍ശങ്ങള്‍ പ്രേക്ഷകരെ സ്വാധീനിക്കുമോ എന്നത് പ്രസക്തമായ കാര്യമാണ്.

മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറെ അടുപ്പമുള്ള വ്യവസായി ഗോകുലം ഗോപാലനാണ് സിനിമയുടെ നിര്‍മ്മാതാവ് എന്നതും യാദൃശ്ചികം മാത്രം.

ശബരിമല വിവാദത്തില്‍ മുന്നാക്ക സമുദായത്തിനെതിരെ പ്രതികരിക്കുന്ന ഈഴവ സമുദായ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്ന പഴയ ജാതിവിവേചനത്തിനെതിരെയാണ് കായംകുളം കൊച്ചുണ്ണിയുടെയും പടയോട്ടം.

മുഖ്യമന്ത്രി പിണറായി വിജയനെയടക്കം ജാതി പേര് വിളിച്ച് അധിക്ഷേപിക്കുന്ന തരത്തിലേക്ക് വളര്‍ന്ന ശബരിമല വിശ്വാസികളുടെ പ്രതിഷേധം വിവാദമായിരിക്കുന്ന സാഹചര്യത്തില്‍ എന്തായാലും അപ്രതീക്ഷിതമാണെങ്കിലും ‘വ്യക്തമായ’ ചില സന്ദേശങ്ങള്‍ സിനിമയിലൂടെ അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്നുണ്ട്.

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കില്ലെന്നും വിധി നടപ്പാക്കുമെന്നും സര്‍ക്കാര്‍ നിലപാട് എടുത്തതോടെയാണ് പ്രതിഷേധ സമരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ തിരിഞ്ഞത്. സമരത്തിനെത്തിയ സ്ത്രീകള്‍ പിണറായിയെ ജാതികൂട്ടി തെറിവിളിക്കുന്നതിന്റെ വീഡിയോ അടക്കം പുറത്തുവന്നു. പത്തനംതിട്ട ചെറുകോല്‍ സ്വദേശിയായ സ്ത്രീ മുഖ്യമന്ത്രിയെ ജാതിപ്പേരു വിളിച്ചും പച്ചത്തെറി വിളിച്ചും അധിക്ഷേപിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനകം തന്നെ വൈറലായിട്ടുണ്ട്.

വളരെ മുന്‍പ് തന്നെ ചിത്രീകരണം പൂര്‍ത്തിയായ കായംകുളം കൊച്ചുണ്ണി ഇപ്പോള്‍ പ്രദര്‍ശന ശാലയിലെത്തിയത് ഇടതുപക്ഷത്തെ സംബന്ധിച്ച് അവര്‍ ഉയര്‍ത്തുന്ന ചില വാദങ്ങള്‍ക്ക് ശക്തി പകരാനാണ് സാധ്യത.

അതിഥി താരമായി എത്തിയ മോഹന്‍ലാല്‍ കാണികളെ ഇളക്കി മറിയ്ക്കുന്ന ശക്തമായ അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്.

കൊച്ചുണ്ണിയെ ജാതി കോമരങ്ങളുടെ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ച് പ്രതികാര ദാഹിയാക്കുന്ന ഇത്തിക്കര പക്കി എന്ന കഥാപാത്രത്തെ മികവുറ്റതാക്കാന്‍ താര രാജാവിന് നിഷ്പ്രയാസം കഴിഞ്ഞു.

ഭാവത്തിലും വേഷത്തിലും തനി കൊള്ളക്കാരനായ ഇത്തിക്കര പക്കി സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയാലും പ്രേക്ഷകരുടെ മനസ്സില്‍ നിന്ന് അത്ര പെട്ടെന്നൊന്നും മാഞ്ഞു പോകില്ല. തമിഴ് താരം പ്രിയ ആനന്ദാണ് ചിത്രത്തിലെ നായിക.

45 കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രം കേരളം, കര്‍ണാടക, ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളില്‍ 161 ദിവസമെടുത്താണ് ചിത്രീകരിച്ചത്. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയെ ആസ്പദമാക്കി തിരക്കഥയൊരുക്കിയത് ബോബി-സഞ്ജയ് ടീമാണ്. ഗോപീസുന്ദറാണ് സംഗീതം.

Show More

Related Articles

Close
Close