മദ്യനയം: ചെങ്ങന്നൂരില്‍ കാണാമെന്നു കെസിബിസി

താമരശേരി ബിഷപ്പിന് പിന്നാലെ സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ കടുത്ത വിമര്‍ശനവുമായി ചങ്ങനാശേരി രൂപത അടക്കമുള്ള ക്രിസ്ത്രീയ സഭകള്‍ രംഗത്ത് വന്നു. ഓഖി ദുരന്തത്തിന് തുല്യമാണ് സര്‍ക്കാരിന്റെ മദ്യനയമെന്നും ഇത് തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം വ്യക്തമാക്കി. അതേസമയം, ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ മദ്യനയം ഉയര്‍ത്തിക്കാട്ടാനാണ് കെസിബിസിയുടെ തീരുമാനം. അതിനിടെ മദ്യനയത്തിനെതിരെ മലങ്കര കത്തോലിക്കാ സഭയും രംഗത്തെത്തിയത് സര്‍ക്കാരിനെ വെട്ടിലാക്കി.

മദ്യവിരുദ്ധത പ്രഖ്യാപിച്ചിട്ട് എല്ലായിടത്തും മദ്യമെത്തിക്കുന്ന നടപടിയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇത് സര്‍ക്കാരിന് ഭൂഷണമല്ല. നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷ. ഇക്കാര്യത്തില്‍ തങ്ങളുടെ പ്രതിഷേധം സര്‍ക്കാരിനെ അറിയിക്കുമെന്നും പെരുന്തോട്ടം ജോസഫ് അറിയിച്ചു. മലങ്കര കത്തോലിക്ക അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ക്ലിമിസും ഇക്കാര്യത്തില്‍ തങ്ങളുടെ പ്രതിഷേധം സര്‍ക്കാരിനെ അറിയിക്കുമെന്ന് പ്രതികരിച്ചിട്ടുണ്ട്.