ഡല്‍ഹിയെ തളച്ച് കേരളാ ബ്ലാസ്‌റ്റേഴ്‌സ്

ആരാധകർക്ക് പ്രതീക്ഷയുടെ വെള്ളിവെളിച്ചം സമ്മാനിച്ച മൽസരത്തിൽ ഡൽഹി ഡെയർഡെവിൾസിനെതിരെ കേരളാ ബ്ലാസ്റ്റേഴ്സിന് തകർപ്പൻ വിജയം. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിലായിപ്പോയ കേരളം രണ്ടാം പകുതിയിൽ രണ്ടു ഗോൾ തിരിച്ചടിച്ചാണ് വിജയം പിടിച്ചെടുത്തത്.

ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സിനെതിരെ ഡല്‍ഹി ഡൈനാമോസ് ഒരു ഗോളിനു മുന്നിലായിരുന്നു. മലയാളി താരം കെ. പ്രശാന്തിന്റെ പിഴവില്‍ ലഭിച്ച പെനല്‍റ്റിയില്‍ കാലു ഉച്ചെ നേടിയ ഗോളിലാണ് ആദ്യ പകുതിയിലെ ഡല്‍ഹിയുടെ മുന്നേറ്റം. കേരള ബ്ലാസ്റ്റേഴ്‌സ് ഗോള്‍ പോസ്റ്റില്‍ നിരന്തരം തലവേദനകള്‍ സൃഷ്ടിച്ച കളിയാണ് ആദ്യ പകുതിയില്‍ ഡല്‍ഹി പുറത്തെടുത്തത്. 47ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന് സമനില ഗോള്‍. പകരക്കാരനായിറങ്ങിയ ദീപേന്ദ്ര നേഗി ബ്ലാസ്റ്റേഴ്‌സിന്റെ ഗോളിനു വഴി തുറന്നു. കോര്‍ണര്‍ കിക്ക് പിടിച്ചെടുത്ത നേഗി ഡല്‍ഹിയുടെ വലയിലേക്ക് തട്ടിയിട്ടു.

ദീപേന്ദ്ര നേഗിയെ ഫൗള്‍ ചെയ്തു വീഴ്ത്തിയതിനു ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായ പെനല്‍റ്റി. 75-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഗോള്‍ നേടി. പതിമൂന്നാം മൽസരത്തിൽ സീസണിലെ അഞ്ചാം വിജയം കുറിച്ച ബ്ലാസ്റ്റേഴ്സ് 17 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് കയറി. 12 മൽസരങ്ങളിൽനിന്ന് ഒൻപതാം തോൽവി വഴങ്ങിയ ഡൽഹി ഡെയർഡെവിൾസ് ഏഴു പോയിന്റുമായി അവസാന സ്ഥാനത്തു തുടരുന്നു.