ബജറ്റ് ചോര്‍ന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ധനമന്ത്രി തോമസ് ഐസക് സ്ഥാനമൊഴിയണമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍.

ബജറ്റ് ചോര്‍ന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ധനമന്ത്രി തോമസ് ഐസക് സ്ഥാനമൊഴിയണമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. വിഷയത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ധനമന്ത്രി നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ തന്നെ സുപ്രധാന നിര്‍ദ്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നത് ഗൗരവതരമാണ്. ഇതുപോലൊരു സംഭവം കേരള നിയമസഭയുടെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്.

സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം മന്ത്രിക്കാണെന്നും സ്ഥാനം രാജിവയ്ക്കുന്നതാണ് ജനാധിപത്യ മര്യാദയെന്നും സുധീരന്‍ പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങളെ ഏറ്റവും അധികം ബുദ്ധിമുട്ടിക്കുന്ന അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയാന്‍ അര്‍ഹമായ വിഹിതമോ ഫലപ്രദമായ നടപടികളോ ധനനമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നും സുധീരന്‍ കുറ്റപ്പെടുത്തി.

ബജറ്റ് സോഷ്യല്‍ മീഡിയയില്‍ ചോര്‍ന്നെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. ബജറ്റിന്റെ പ്രസക്തഭാഗങ്ങളുടെ പകര്‍പ്പുമായി എത്തിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബജറ്റ് ചോര്‍ന്നെന്ന ആരോപണം ഉന്നയിച്ചത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ധനമന്ത്രി ബജറ്റ് വായന ചുരുക്കിയിരുന്നു.

ധനമന്ത്രി ബജറ്റ് അവതരിപ്പിക്കും മുമ്പേ ബജറ്റ് പുറത്തായെന്നും ബജറ്റിന്റെ പവിത്രത നഷ്ടമായെന്നും ചെന്നിത്തല പറഞ്ഞു. ധനമന്ത്രി വായിക്കാന്‍ ഇരിക്കുന്ന ഭാഗങ്ങള്‍ പോലും തനിക്ക് ലഭിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

പ്രതിപക്ഷ ആരോപണത്തെ വിശദീകരണം നല്‍കാനുള്ള വിവരങ്ങള്‍ തനിക്കില്ലെന്നും ഗൗരവമായ വിഷയമാണെന്നും ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. സ്പീക്കര്‍ വഴി വിശദീകരണം നല്‍കാമെന്നും മന്ത്രി പറഞ്ഞു. വീണ്ടും ബജറ്റ് അവതരണം തുടങ്ങിയതോടെ പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങുകയും സഭ ബഹിഷ്‌കരിക്കുകയും ചെയ്തു. തുടര്‍ന്ന് നിയമസഭ മീഡിയ റൂമില്‍ രമേശ് ചെന്നിത്തല ബദല്‍ ബജറ്റ് അവതരിപ്പിച്ചു.