അവതരണത്തിനു മുമ്പ് ബജറ്റ് രേഖകള്‍ ചോര്‍ന്നെന്ന് ആരോപിച്ച് നിയമസഭയില്‍ ബഹളം.

അവതരണത്തിനു മുമ്പ് ബജറ്റ് രേഖകള്‍ ചോര്‍ന്നെന്ന് ആരോപിച്ച് നിയമസഭയില്‍ ബഹളം. ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിനു മുമ്പുതന്നെ സമൂഹ മാധ്യമങ്ങളിലൂടെ ബജറ്റിന്റെ പ്രധാന ഭാഗങ്ങള്‍ പ്രചരിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

വിഷയത്തില്‍ മുഖ്യമന്ത്രിയും സ്പീക്കറും ധനമന്ത്രിയും വിശദീകരണം നല്‍കിയെങ്കിലും അതില്‍ തൃപ്തരാകാതെ പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു. 2017- 18 വര്‍ഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് പ്രതിപക്ഷ എംഎല്‍എമാര്‍ ബഹളവുമായി എഴുന്നേറ്റത്. പ്രതിപക്ഷ എംഎല്‍എമാര്‍ ബഹളമുണ്ടാക്കിയതോടെ ബജറ്റ് അവതരണം തടസപ്പെട്ടു. ഇതിനുശേഷം മുഖ്യമന്ത്രി ഇക്കാര്യം വിശദീകരിക്കുകയും ചെയ്തു. എന്നാല്‍ ഇതില്‍ തൃപ്തരാകാതെ പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ, വിശദീകരണവുമായി ധനമന്ത്രി രംഗത്തെത്തി.

ബജറ്റ് ചോര്‍ന്ന സംഭവത്തെക്കുറിച്ച് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. അതേസമയം ബജറ്റിന്റെ പ്രധാന രേഖകളൊന്നും ചോര്‍ന്നിട്ടില്ല. മാധ്യമങ്ങള്‍ക്ക് നല്‍കാന്‍ വച്ചിരുന്ന കുറിപ്പാണ് പുറത്തുവന്നതെന്നും മന്ത്രി പറഞ്ഞു. വിഷയത്തില്‍ പ്രതിപക്ഷം കിട്ടിയ അവസരം മുതലെടുക്കുകയായിരുന്നു. എങ്കിലും പ്രതിപക്ഷ നേതാവിന്റെ ആക്ഷേപം പരിശോധിക്കുമെന്നും നടപടികള്‍ സ്വീകരിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.

ധനമന്ത്രിയുടെ വിശദീകരണത്തിനുശേഷം ബജറ്റ് അവതരണം തുടര്‍ന്നു. എന്നാല്‍ പ്രതിപക്ഷം ബഹളം വെച്ചതോടെ, ബജറ്റ് വായന ധനമന്ത്രി ചുരുക്കി.