‘ഡിസിസി നിയമനം കഴിവ് നോക്കി’; ഇതുവരെ ആരുടെയും പരാതി ലഭിച്ചിട്ടില്ലെന്ന് ആന്റണി; കോട്ടയത്ത് ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് അതൃപ്തിയറിയിച്ച് ഉമ്മന്‍ചാണ്ടി

കഴിവ് നോക്കിയാണ് ഡിസിസി പ്രസിഡന്റുമാരെ നിയമിച്ചതെന്നും ഏതെങ്കിലും പ്രത്യേക ഗ്രൂപ്പിനോട് ഹൈക്കമാന്റിന് താത്പര്യം ഇല്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി.

ഗ്രൂപ്പ് താത്പര്യം നോക്കിയല്ല ഡിസിസി പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പ് നടത്തിയത്. ഡിസിസി നിയമനവുമായി ബന്ധപ്പെട്ട് ആരും ഇതുവരെ പരാതി ഉന്നയിക്കുകയോ അതൃപ്തി പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ മാധ്യമസൃഷ്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

എം.എം ഹസന്‍ പരസ്യമായി ഡിസിസി പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് എ ഗ്രൂപ്പിനെ തഴഞ്ഞുവെന്ന വ്യാപക ആക്ഷേപം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതിനു പിന്നാലെയാണ് സ്വന്തം ജില്ലയില്‍ നടന്ന ഡിസിസി പ്രസിഡന്റിന്റെ സ്ഥാനമേല്‍ക്കല്‍ ചടങ്ങില്‍ നിന്നും എ ഗ്രൂപ്പിലെ കെ.സി ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തപ്പോള്‍ ഉമ്മന്‍ചാണ്ടി വിട്ടുനിന്നത്. ജോഷി ഫിലിപ്പ് സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരനുള്‍പ്പെടെയുളള പ്രമുഖ നേതാക്കള്‍ പങ്കെടുത്തപ്പോഴാണ് ഉമ്മന്‍ചാണ്ടിയുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടത്.