കേരളത്തില്‍ ,തമിഴ്‌നാട് സ്വദേശിക്ക് ചികിത്സ നിഷേധിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

വെട്ടേറ്റ കാല്‍പാദവുമായി 350 കിലോമീറ്ററിലധികം സഞ്ചരിക്കേണ്ടിവന്ന തമിഴ്നാട് സ്വദേശിക്ക് കേരളത്തില്‍ ചികിത്സ നിഷേധിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ആരോഗ്യവകുപ്പ് സെക്രട്ടറിയും തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജ് സൂപ്രണ്ടുമാരും മൂന്നാഴ്ചക്കകം വിശദമായ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ നിര്‍ദേശിച്ചു. കേസ് ഈ മാസം മലപ്പുറത്ത് നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.

കുറ്റിപ്പുറത്ത് താമസിക്കുന്ന തിരുച്ചിറപ്പള്ളി സ്വദേശി രാജേന്ദ്രനാണ് തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജുകള്‍ ചികിത്സ നിഷേധിതുമൂലം വെട്ടേറ്റു തൂങ്ങിയ കാല്‍പ്പാദവുമായി 350 കിലോമീറ്റര്‍ അലയേണ്ടിവന്നത്. കേരളത്തില്‍ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്നു ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇദ്ദേഹത്തെ കോയമ്പത്തൂരിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

കുറ്റിപ്പുറം പഴയ റെയില്‍വേ ഗേറ്റിനു സമീപത്തുള്ള വാടകവീട്ടിലെ താമസക്കാരനായ രാജേന്ദ്രനും ബന്ധു കോടീശ്വര(38)നും തമ്മില്‍ മദ്യപാനത്തിനിടെ സംഘര്‍ഷമുണ്ടാവുകയും വെട്ടുകത്തിയെടുത്ത് കോടീശ്വരന്‍ രാജേന്ദ്രന്റെ കാലില്‍ വെട്ടുകയുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു. കയ്യിലും കാല്‍പാദത്തിലും വെട്ടേറ്റ രാജേന്ദ്രന്റെ കാല്‍പാദം ഒടിഞ്ഞുതൂങ്ങി. കൂടെയുണ്ടായിരുന്നവര്‍ രാജേന്ദ്രനെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലുമെത്തിച്ചെങ്കിലും അരമണിക്കൂറോളം അത്യാഹിത വിഭാഗത്തില്‍ കിടത്തുകയും കോഴിക്കോട്ടേക്കോ കോട്ടയത്തേക്കോ മാറ്റണമെന്നു ഡോക്ടര്‍ നിര്‍ദേശിച്ചതായും കൂട്ടിരിപ്പുകാര്‍ പറഞ്ഞു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയ രാജേന്ദ്രനെ രാത്രിയില്‍ ശസ്ത്രക്രിയ നടക്കില്ലെന്നും കൊണ്ടുപോകാനും അധികൃതര്‍ പറഞ്ഞതായി ഒപ്പമുണ്ടായിരുന്ന തിരുച്ചിറപ്പള്ളി സ്വദേശി ശങ്കര്‍ പറഞ്ഞു. പണം കെട്ടിവച്ചാല്‍ ചികിത്സിക്കാമെന്ന് അത്യാഹിത വിഭാഗത്തില്‍നിന്ന് ഒരാള്‍ അറിയിച്ചെന്നും ശങ്കര്‍ പറയുന്നു. പക്ഷേ, പണമില്ലാത്തതിനാല്‍ ഒപ്പമുണ്ടായിരുന്നവര്‍ രാജേന്ദ്രനെ പാലക്കാട് വഴി കോയമ്പത്തൂരിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.