600 കോടി അഡ്വാന്‍സ് മാത്രം;കേരളത്തെ ഇനിയും സഹായിക്കും,ഗവര്‍ണര്‍ക്ക് പ്രധാനമന്ത്രിയുടെ ഉറപ്പ്

കേരളത്തിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 600 കോടി അഡ്വാന്‍സ് മാത്രമാണെന്നും കൂടുതല്‍ സഹായം പിന്നാലെ ഉണ്ടാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നെ സന്ദര്‍ശിച്ച ജസ്റ്റിസ് പി സദാശിവത്തോടാണ്  ഇക്കാര്യം അറിയിച്ചത്. കേരളത്തിന് സഹായം നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് യാതൊരു മടിയുമില്ലെന്നും സമയോചിതമായി തന്നെയാണ് സഹായം നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം ഗവര്‍ണറെ അറിയിച്ചു.

രക്ഷാപ്രവര്‍ത്തനം താന്‍ കൃത്യമായി എന്നും നിരീക്ഷിക്കുന്നുണ്ടായിരുന്നു. തന്റെ നിര്‍ദേശപ്രകാരമാണ് കാബിനറ്റ് സെക്രട്ടറി അദ്ധ്യക്ഷനായ ദേശീയ ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി നിത്യേന യോഗം ചേര്‍ന്ന് ഓഗസ്റ്റ് 16 മുതല്‍ 21 വരെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്തത്.

ഇപ്പോഴത്തെ പ്രളയം വരുത്തിയ നഷ്ടത്തെക്കുറിച്ചുള്ള ഒരു അഡീഷണല്‍ മെമോറാണ്ടം രക്ഷാപ്രവര്‍ത്തനം തീരുന്നമുറയ്ക്ക് സംസ്ഥാനം നല്‍കുമെന്നാണ് അറിയുന്നത്. എന്നാല്‍, ഇതിനുള്ള കാലതാമസം പരിഗണിച്ചാണ് 600 കോടി രൂപ സഹായമായി അനുവദിച്ചത്. ഈ അഡ്വാന്‍സ് മാത്രമാണ്. ദേശീയ ദുരന്ത പ്രതികരണനിധിയുടെ മാനദണ്ദമനുസരിച്ച് അധിക ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി ഗവര്‍ണര്‍ക്ക് ഉറപ്പുനല്‍കി.