നവനീതി പ്രസാദ് സിങ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

ജസ്റ്റിസ് നവനീതി പ്രസാദ് സിങ്ങിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്ന തോട്ടത്തിൽ ബി. രാധാകൃഷ്ണനെ ഛത്തീസ്‌ഗഢ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിച്ചു.

കേരള ചീഫ് ജസ്റ്റിസായിരുന്ന മോഹൻ എം. ശാന്തന ഗൗഡർ സുപ്രീംകോടതിയിലെത്തിയതിനെ തുടർന്നാണ് പുതിയ നിയമനം. 2004-ൽ പട്ന ഹൈക്കോടതിയിൽ സീനിയർ അഭിഭാഷക പദവി ലഭിച്ച നവനീതി പ്രസാദ് സിങ്, 2006-ലാണ് അവിടെ ജഡ്ജിയായത്.

മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി രാജേന്ദ്ര മേനോനെ പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. ഛത്തീസ്‌ഗഢ് ചീഫ് ജസ്റ്റിസായിരുന്ന ദീപക് ഗുപ്തയെയും സുപ്രീംകോടതിയിലേക്ക് നിയമിച്ചിരുന്നു. പട്ന ഹൈക്കോടതി ജഡ്ജിയായിരുന്ന ഹേമന്ത് ഗുപ്തയെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിച്ചു.