ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തകന്റെ ജീവിതം ഇരുളടഞ്ഞു; പ്രളയം തട്ടിയെടുത്തത് ഈ കുടുംബത്തിന്റെ പ്രതീക്ഷകള്‍

ചെങ്ങന്നൂരിലെ പ്രളയത്തില്‍ നിന്ന് 35-ഓളം ജീവനുകള്‍ രക്ഷിച്ച അനിയന്‍ അന്ധകാരത്തിലേക്ക്. കുത്തൊഴുക്ക് വകവെക്കാതെ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തിയാണ് അദ്ദേഹം പ്രളയജലത്തില്‍ ജീവനു വേണ്ടി കേഴുകയായിരുന്ന ഇവരെ  രക്ഷപ്പെടുത്തിയത്. പക്ഷേ രക്ഷാപ്രവര്‍ത്തനത്തിനിടെ കമ്പുകൊണ്ട് മുറിഞ്ഞ വലത്തേ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരിക്കുകയാണ് അനിയന്. ഇടത്തേ കണ്ണിനേയും ആ ഇരുട്ട് കീഴടക്കുമോ എന്ന ഭയമാണ് ഈ കുടുംബത്തിന്.

രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു വീടിന്റെ ഗേറ്റിന് കുറുകേ കിടന്ന തടി വലിച്ചു മാറ്റുന്നതിനിടെയാണ് വലതുകണ്ണില്‍ കൂര്‍ത്ത കമ്പ് കൊണ്ടു മുറിഞ്ഞത്. ഉടന്‍തന്നെ ഒപ്പമുണ്ടായിരുന്നവര്‍ ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോയി. സാധാരണ മുറിവെന്ന് കരുതി കണ്ണില്‍ മരുന്നു വെച്ച് കെട്ടി വിടുകയായിരുന്നു. പിറ്റേ ദിവസമായതോടെ വേദന സഹിക്കാനാവാതെ കണ്ണ് വീര്‍ത്തു വന്നു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പരിശോധനയില്‍ കണ്ണിന്റെ ഞരമ്പ് മുറിഞ്ഞതാണെന്ന് കണ്ടെത്തി. വിദഗ്ധ ചികിത്സ നല്‍കിയില്ലെങ്കില്‍ ചിലപ്പോള്‍ ഇടതുകണ്ണിന്റെ കാഴ്ചയേയും ബാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്ന് അനിയന്‍ പറഞ്ഞു.

ആഗസ്റ്റ് 15ന് അര്‍ദ്ധരാത്രിയാണ് ഉറ്റ കൂട്ടുകാരനായ സന്തോഷിന്റെ വിളി അനിയനെ തോടിയെത്തിയത്. അനിയാ…വീട്ടില്‍ വെള്ളം കയറി എന്റെ കുടുംബത്തെ എങ്ങിനെയെങ്കിലും രക്ഷിക്കണം എന്ന കൂട്ടുകാരന്റെ തേങ്ങല്‍ കേട്ട ഉടനെ അനിയന്‍ രക്ഷാപ്രവര്‍ത്തനത്തിന് കുതിക്കുകയായിരുന്നു.സന്തോഷിന്റെ ഭാര്യ, രണ്ട് മക്കള്‍, പ്രായമായ അച്ഛനും അമ്മയും അടക്കം പ്രദേശത്തെ 35 ഓളം പേരെ 16-ന് ഉച്ചയ്ക്ക് മുന്‍പ് രക്ഷപ്പെടുത്തി. കൂട്ടിന് ലോറിയുടെ ട്യൂബ് മാത്രമെ ഉണ്ടായിരുന്നുള്ളു.

ലോട്ടറി വില്‍പനക്കാരനാണ് അനിയന്‍. നിര്‍ധനരായ കുടുംബത്തിന് വിദഗ്ധ ചികിത്സയ്ക്കായ് പണം കണ്ടെത്താന്‍ മറ്റ് മാര്‍ഗ്ഗങ്ങളൊന്നുമില്ല. വീടുള്‍പ്പെടുന്ന രണ്ടു സെന്റെ് സ്ഥലം മാത്രമാണ് ആകെയുള്ള സമ്പാദ്യം. ഭാര്യ ലതാകുമാരി. പഠനംകഴിഞ്ഞ് ജോലിതേടുന്ന മകന്‍ അനുകൃഷ്ണന്‍, ഒന്‍പതാം ക്ലാസുകാരി ആര്യ, പത്താംക്ലാസുകാരന്‍ അരവിന്ദന്‍ എന്നിവരടങ്ങുന്ന കുടംബമാണ് അനിയന്റേത്. അരവിന്ദന് സംസാരശേഷി കുറവായതിനാല്‍ അതിന്റെ ശസ്ത്രക്രിയയും അടുത്തു തന്നെ നടത്താന്‍ നിശ്ചയിച്ചിരിക്കുകയാണ്.