കേരളത്തിന് എ ആര്‍ റഹ്മാന്റെ കൈതാങ്ങ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓസ്‌കാര്‍ പുരസ്‌കാര ജേതാവും കൂട്ടരും ഒരു കോടി രൂപ നല്‍കും

പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് എ ആര്‍ റഹ്മാന്റെ കൈതാങ്ങ്. യുഎസില്‍ പര്യടനം നടത്തുന്ന എ ആര്‍ റഹ്മാനും ട്രൂപ്പിലെ മറ്റു ആര്‍ട്ടിസ്റ്റുകളും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കും. ഇക്കാര്യം റഹ്മാന്‍ തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് ഒരു മാസത്തെ ശമ്പളമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. മലയാളികള്‍ മുഖ്യമന്ത്രിയുടെ ആഹ്വാനത്തെ സ്വീകരിച്ചു കഴിഞ്ഞു.

നേരത്തെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് അറിയിച്ചിരുന്നു. പത്തു തവണയായി തുക നല്‍കുന്നതിനുള്ള ചെക്കുകള്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയ്ക്ക് കൈമാറുകയും ചെയ്തിരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേഓണ്‍ലൈന്‍ സംഭാവനകളുടെ വിവരങ്ങള്‍ https://donation.cmdrf.kerala.gov.in/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.