ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്ന പരസ്യം; മോഹന്‍ലാലിനും എംസിആറിനുമെതിരെ വക്കീല്‍ നോട്ടീസ്

മോഹന്‍ലാലിനും എംസിആര്‍ ടെക്സ്റ്റയില്‍ ഗ്രൂപ്പിനുമെതിരെ നിയമ നടപടിയുമായി സംസ്ഥാന ഖാദി ബോര്‍ഡ്. ചര്‍ക്കയുമായി യാതൊരുവിധ ബന്ധവുമില്ലാത്ത മുണ്ടിന്റെ പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല് നൂറ്റുകൊണ്ട് അഭിനയിച്ചതിനാണ് മോഹന്‍ലാലിനെതിരെ ഖാദി ബോര്‍ഡ് നിയമനടപടി സ്വീകരിച്ചത്.

സ്വകാര്യസ്ഥാപനത്തിന്റെ പരസ്യത്തില്‍ അഭിനയിച്ച മോഹന്‍ ലാലിന് വക്കീല്‍ നോട്ടീസ് അയച്ച കാര്യം സംസ്ഥാന ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജ്ജാണ് വ്യക്തമാക്കിയത്.പരസ്യം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥാപനത്തിന്റെ എംഡിക്കും നോട്ടീസ് അയച്ചെന്ന് അവര്‍ അറിയിച്ചു.

ഇപ്പോള്‍ ചര്‍ക്കയുമായി യാതൊരു ബന്ധവുമില്ലാത്ത വ്യാപാര സ്ഥാപനത്തിന് വേണ്ടിയാണ് എംസിആര്‍ ഗ്രൂപ്പ് മോഹന്‍ലാലിനെ വെച്ച് പരസ്യം നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനെയാണ് ഖാദി ബോര്‍ഡ് ചോദ്യം ചെയ്തതെന്ന് ശോഭന ജോര്‍ജ് വ്യക്തമാക്കി. പത്ത് ദിവസം മുമ്പ് അയച്ച നോട്ടീസിന്റെ മറുപടി ലഭിച്ചാലുടന്‍ തുടര്‍ നടപടികളുമായി മുന്നോട്ടുപോകുമെന്ന് അവര്‍ അറിയിച്ചു.