നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകുന്നു: ഖുശ്ബു

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടിയും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ ഖുശ്ബു. നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ കേസിലെ അന്വേഷണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകുന്നു എന്നതിന്റെ സൂചനയാണ്.

സംഭവവുമായി സിപിഎമ്മിനു ബന്ധമുള്ള ആര്‍ക്കങ്കിലും പങ്കുണ്ടോ എന്നും അവരെ രക്ഷിക്കാനാണോ സര്‍ക്കാരിന്റെ നീക്കമെന്നും സംശയിക്കേണ്ടി വരുമെന്നും ഖുശ്ബു കുറ്റപ്പെടുത്തി. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ പ്രതിഷേധിച്ച് കോഴിക്കോട് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഖുശ്ബു.

സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഇതിന് പരിഹാരം കണ്ടേ തീരൂ. തനിക്കെതിരെ ആക്രമണമുണ്ടായപ്പോള്‍ തന്നെ അതിനെതിരെ ശക്തമായി രംഗത്തെത്തുകയും നിയമനടപടിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിക്കുകയും ചെയ്ത നടിയെ അഭിനന്ദിക്കുന്നു. ജോലിയിലേക്ക് തന്നെ തിരിച്ചുവരാനുള്ള അവരുടെ തീരുമാനം അങ്ങേയറ്റം സ്വാഗതാര്‍ഹമാണെന്നും ഖുശ്ബു പറഞ്ഞു.

കേരള പൊലീസ് സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കണം, സിപിഐഎമ്മിന് വേണ്ടിയാകരുത് അവരുടെ പ്രവര്‍ത്തനമെന്നും ഖുശ്ബു വ്യക്തമാക്കി. കേരളത്തില്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നുവെന്നും ഖുശ്ബു ആവശ്യപ്പെട്ടു.