ഡൊണാള്‍ഡ് ട്രംപ്- കിം ജോങ് ഉന്‍ ചരിത്ര കൂടിക്കാഴ്ച നടത്തി;ചര്‍ച്ച വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ട്രംപും കിമ്മും

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളും ഹസ്തദാനം ചെയ്തു. സെന്റോസ ദ്വീപിലെ കാപെല്ലാ ഹോട്ടലിലാണ് കൂടിക്കാഴ്ച. ചര്‍ച്ച വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ട്രംപും കിമ്മും പറഞ്ഞു. കൊറിയയുമായി മികച്ച ബന്ധമുണ്ടാകുമെന്ന് ട്രംപ് പറഞ്ഞു. ഒട്ടേറെ തടസങ്ങള്‍ മറികടന്നാണ് ഇവിടെ വരെയെത്തിയതെന്ന് കിം വ്യക്തമാക്കി. ലോകത്തിനു മുന്നില്‍ ഉത്തര കൊറിയയ്ക്കുള്ള ‘വില്ലന്‍’ പ്രതിച്ഛായ ഇല്ലാതാക്കുകയെന്നതാണ് ആദ്യലക്ഷ്യം. രാജ്യാന്തരവേദികളില്‍ അംഗീകാരം നേടിയെടുക്കാനുള്ള ശ്രമത്തിന്റെ ആദ്യപടി കൂടിയാണിത്. നയതന്ത്രപരവും സാമ്പത്തികവുമായ ഉപരോധങ്ങള്‍ കൊണ്ടു വീര്‍പ്പുമുട്ടുകയാണ് ഉത്തര കൊറിയ. അതിനിടെ ജനങ്ങള്‍ക്കു വാഗ്ദാനം നല്‍കിയ സാമ്പത്തിക വളര്‍ച്ചയും കിമ്മിനു പാലിക്കേണ്ടതുണ്ട്.