കിംഗ് ഫിഷര്‍ ആസ്ഥാനം ബാങ്കുകള്‍ ലേലം ചെയ്യുന്നു

കോടികളുടെ കടബാധ്യത വരുത്തിയശേഷം രാജ്യംവിട്ട മദ്യരാജാവ് വിജയ് മല്യയ്‌ക്കെതിരെ ബാങ്കുകള്‍ നടപടി കടുപ്പിക്കുന്നു. മല്യയുടെ ഉടമസ്ഥതയില്‍ മുംബൈയിലുള്ള കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ ആസ്ഥാനം ബാങ്കുകള്‍ ലേലത്തില്‍ വച്ചു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കം 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് ലേലം നടത്തുന്നത്. കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിനായി ബാങ്കുകളില്‍ നിന്നെടുത്ത 6,963 കോടി രൂപയുടെ വായ്പയില്‍ ഒരു ഭാഗമെങ്കിലും ഇത്തരത്തില്‍ തിരിച്ചുപിടിക്കാമെന്നാണ് ബാങ്കുകളുടെ പ്രതീക്ഷ.

150 കോടി രൂപ അടിസ്ഥാന വില നിശ്ചയിച്ചാണ് ഇ-ലേലം നടത്തുന്നത്. ഉയര്‍ത്തിവിളിക്കാവുന്ന കുറഞ്ഞ തുക അഞ്ചു ലക്ഷം രൂപയാണെന്നും നോട്ടീസില്‍ പറയുന്നു. ലേലത്തിന്റെ അടങ്കല്‍ തുക 15 ലക്ഷം രൂപയായിരിക്കും. 3,988 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ളതാണ് എയര്‍ലൈന്‍സ് ഹൗസ്. കോടതി നടപടികളിലൂടെയാണ് ഈ കെട്ടിടവും സ്ഥലവും ബാങ്ക് കണ്‍സോര്‍ഷ്യം 2015 ഫെബ്രുവരിയില്‍ പിടിച്ചെടുത്തത്.

ഇതിനു പുറമേ 90 കോടി രൂപ വിലമതിക്കുന്ന ഗോവയിലെ കിംഗ്ഫിഷര്‍ വില്ലയും ബാങ്കുകള്‍ ഏറ്റെടുത്തിട്ടുണ്ട്. ഓഹരികളുടെയും മറ്റും വില്‍പ്പനയിലുടെ 1,600 കോടി രൂപ ബാങ്കുകള്‍ ഇതിനകം തിരിച്ചുപിടിച്ചു. വായ്പ തുകയ്ക്ക് 2013 മുതല്‍ ബാങ്കുകള്‍ 15.5% കോമ്പൗണ്ടഡ് പലിശയാണ് ഈടാക്കുന്നത്.

കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന് ഏറ്റവുമധികം വായ്പ നല്‍കി കൈപൊള്ളിയത് എസ്.ബി.ഐയാണ്. 1600 കോടിയാണ് എസ്.ബി.ഐ നല്‍കിയത്. പഞ്ചാബ് നാഷണല്‍ ബാങ്ക്, ഐ.ഡി.ബി.ഐ (800 കോടി വീതം), ബാങ്ക് ഓഫ് ഇന്ത്യ (650 കോടി), ബാങ്ക് ഓഫ് ബറോഡ (550 കോടി), സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ (410 കോടി), യൂകോ ബാങ്ക് (320 കേടി), കോര്‍പറേഷന്‍ ബാങ്ക് (310 കോടി), സ്‌റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍ (150 കോടി), ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് (140 കോടി), ഫെഡറല്‍ ബാങ്ക് (90 കോടി), പഞ്ചാബ് ആന്റ് സിന്ദ് ബാങ്ക് (60 കോടി) ആക്‌സിസ് ബാങ്ക് (50 കോടി) എന്നിങ്ങനെയാണ് മല്യയ്ക്ക് വായ്പ നല്‍കിയ ബാങ്കുകള്‍.