മെട്രോ ഉദ്ഘാടന വേദിയില്‍ ഇ.ശ്രീധരനും ചെന്നിത്തലയും ഉണ്ടാകും:അന്തിമ പട്ടിക ഇപ്പോഴാണ് തയ്യാറായതെന്ന് കുമ്മനം; ശ്രീധരനേയും ചെന്നിത്തലയേയും ഒഴിവാക്കിയിരുന്നില്ലെന്ന് വിശദീകരണം

കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ ഇ.ശ്രീധരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ഇരിപ്പിടം ലഭിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കേണ്ടവരുടെ അന്തിമ പട്ടികയില്‍ ഇവര്‍ രണ്ട് പേരെയും ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാരിന്  അറിയിപ്പ് ലഭിച്ചു.

മെട്രോമാന്‍ ഇ.ശ്രീധരനേയും പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വാര്‍ത്താ സമ്മേളനം നടത്തി അറിയിച്ചതിന്റെ പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചത്. ആദ്യ ലിസ്റ്റാണ് നേരത്തെ അയച്ചത്. ഇന്നാണ് അന്തിമപട്ടിക പൂര്‍ത്തിയാക്കി അയച്ചതെന്നും കുമ്മനം പറഞ്ഞിരുന്നു.ഇതോടെ വിവാദങ്ങള്‍ക്ക് താല്‍ക്കാലിക വിരാമം ആയിരിക്കുന്നു എന്ന് വേണം കരുതാന്‍. നേരത്തെ സംസ്ഥാനത്ത് നിന്നും കേന്ദ്രത്തിനു നല്‍കിയ ലിസ്റ്റില്‍ ഇ ശ്രീധരനും, രമേശ്‌ ചെന്നിത്തലയും ഉള്‍പ്പെട്ടിരുന്നില്ല എന്നാ വാദം ശക്തമായി നില്‍ക്കെ ,ഇടതു അനുഭാവികള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാരിനു നേരെ പ്രതിഷേധം അഴിച്ചുവിട്ടിരുന്നു.