കൊച്ചി മെട്രോയിൽ സൗജന്യ യാത്ര 19- ന്

ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മുട്ടം യാർഡിൽ വെറുതെ കിടക്കുന്ന ഭൂമിയിൽ യാർഡിലുള്ള 520 ജീവനക്കാർ മരം നടും.

ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജൂൺ 19-ന് ജനങ്ങൾക്ക് സൗജന്യ മെട്രോ സർവീസ് നടത്താം. ’ഫ്രീ റൈഡ് ഡേ’ എന്ന പേരിൽ സൗജന്യ യാത്ര രാവിലെ ആറു മുതൽ രാത്രി പത്തു വരെ ലഭിക്കും. ഇതുവരെ മെട്രോയിൽ കയറിയിട്ടില്ലാത്ത സ്വദേശീയർക്കും വിദേശീയർക്കും യാത്ര നടത്താൻ അവസരമൊരുക്കുകയാണെന്ന് കെ.എം.ആർ.എൽ. എം.ഡി. എ.പി.എം. മുഹമ്മദ് ഹനീഷ് പത്രസമ്മേളനത്തിൽ പറഞ്ഞു.

മെട്രോയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നിരവധി കലാ സാംസ്കാരിക പരിപാടികൾ ഇടപ്പള്ളി, ആലുവ, മഹാരാജാസ് ഉൾെപ്പടെയുള്ള സ്റ്റേഷനുകളിൽ അവതരിപ്പിക്കും. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മുട്ടം യാർഡിൽ വെറുതെ കിടക്കുന്ന ഭൂമിയിൽ യാർഡിലുള്ള 520 ജീവനക്കാർ മരം നടും. 17-ാം തീയതി മുതൽ ഒരാഴ്ചയ്ക്കുള്ളിൽ ഇത് പൂർത്തീകരിക്കും.

17-ന് ഇടപ്പള്ളി സ്റ്റേഷനിൽ കേക്ക് മുറിക്കും. സ്റ്റേഷൻ പരിധിയിൽ ഉള്ള ജനപ്രതിനിധികളും പൊതുജനങ്ങളും ആഘോഷത്തിൽ പങ്കാളികളാകും. അന്നേദിവസം രാവിലെ 11.30-ന് ഇടപ്പള്ളി സ്റ്റേഷനിൽ മാന്ത്രികൻ ഗോപിനാഥ് മുതുകാട് ’ടൈം ട്രാവലർ മാജിക് മെട്രോ’ എന്ന മാന്ത്രിക പരിപാടി അവതരിപ്പിക്കും. ഉദ്ഘാടന ദിവസം മുതലുള്ള ഒരു വർഷക്കാലം കൊച്ചി മെട്രോയും ജനങ്ങളും തമ്മിലുള്ള ബന്ധം ചിത്രീകരിക്കുന്ന 365 ഫോട്ടോഗ്രാഫുകൾ അടങ്ങിയ ’കോഫി ടേബിൾ ബുക്ക്’ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു പ്രകാശനം ചെയ്യും.